kerala

‘ചെവിക്കല്ല് തല്ലി പൊളിക്കും’; കൗണ്‍സിലറെ അസഭ്യം പറഞ്ഞ് ബിജെപി നഗരസഭാ അധ്യക്ഷ

By Chandrika Web

August 03, 2022

പത്തനംത്തിട്ട: ബി.ജെ.പി കൗണ്‍സിലറെ അസഭ്യം പറഞ്ഞ് ബി.ജെ.പിയുടെ തന്നെ നഗരസഭാ അധ്യക്ഷ. പന്തളം നഗരസഭാ അധ്യക്ഷ സുശീല സന്തോഷാണ് തന്റെ പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ കെ.വി പ്രഭയെ അസഭ്യം പറഞ്ഞത്. ചെവിക്കല്ല് തല്ലി പൊളിക്കുമെന്ന് പ്രഭയോട് സുശീല പറയുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതോടെ ഭരണസമിതിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. ക്ഷുഭിതയായി ഹാളിലേക്ക് കയറി വന്ന നഗരസഭാ അധ്യക്ഷ അസഭ്യം പറയുന്നതും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഭൂമിയോളം താന്‍ ക്ഷമിച്ചുവെന്നും ആവര്‍ത്തിച്ചാല്‍ അടിച്ച് ചെവിക്കല്ല് പൊട്ടിക്കുമെന്നും പറയുന്നത് വീഡിയോയിലുണ്ട്. വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നത ബിജെപി സംസ്ഥാന നേതൃത്വം ഇടപെട്ടു പരിഹരിച്ച് വരുന്നതിനിടെയാണ് പുതിയ സംഭവം.

നഗരസഭാ അധ്യക്ഷയുടെ ഭര്‍ത്താവ് അവരെ കൂട്ടിക്കൊണ്ടുപോകുന്നതിനായി എത്തിയ ഭര്‍ത്താവ് ഓഫീസില്‍ ഇരിക്കുന്ന ദൃശ്യം ബി.ജെപിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ടതാണ് സുശീല സന്തോഷിനെ ചൊടിപ്പിച്ചത്.