Culture

ബിജെപി സമരം സ്ത്രീപ്രവേശനത്തിന് എതിരല്ല: ശ്രീധരന്‍ പിള്ള

By chandrika

November 19, 2018

 

ശബരിമലയിലെ സമര നിലപാടില്‍ മലക്കം മറിയുകയാണ് ബിജെപി നേതാക്കള്‍. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് എതിരെയല്ല പ്രതിഷേധമെന്നാണ് സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള ഇപ്പോള്‍ പറയുന്നത്. യുവതികള്‍ പ്രവേശിക്കുന്നുണ്ടോയെന്നത് തങ്ങളുടെ പ്രശ്‌നമല്ല. കമ്മ്യൂണിസ്റ്റുകള്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന് എതിരെ മാത്രമാണ് സമരം ചെയ്യുന്നത് എന്നാണ് ശ്രീധരന്‍പിള്ളയുടെ പുതിയ വിശദീകരണം. ഈ വിശദീകരണം സോഷ്യല്‍മീഡയയിലടക്കം വൈറലാകുന്നുണ്ട്. ഓന്തിനെ തോല്‍പിക്കുന്ന നിറമാറ്റമാണ് ബിജെപിയുടേതെന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശനം.

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പി സമരം തുടങ്ങിയത്. ദര്‍ശനത്തിന് ശ്രമിച്ച യുതികളെ തടയാന്‍ ബി.ജെ.പി സംസ്ഥാന നേതാക്കള്‍ തന്നെ നേതൃത്വം നല്‍കി. ഈ സമരം തുടരുന്നതിനിടെയാണ് സംസ്ഥാന പ്രസിഡന്റ് ഇന്ന് പുതിയ നിലപാട് പ്രഖ്യാപിച്ചത്. സ്ത്രീകള്‍ ശബരിമലയില്‍ വരുന്നോ പോകുന്നോ എന്നത് തങ്ങളുടെ വിഷയമല്ലെന്നാണ് സംസ്ഥാന പ്രസിഡന്റിന്റെ വിശദീകരണം.