ബെംഗളൂരു: വായ്പ തിരിച്ചുപിടിക്കാന്‍ സഹായം തേടിയയാള്‍ക്ക്, പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയ ബിജെപി ഒബിസി മോര്‍ച്ച ദാവനഗെരെ ജില്ലാ വൈസ് പ്രസിഡന്റ് ചിക്ക ഉജ്ജയിനി സാഗര്‍ അഞ്ജനപ്പ അറസ്റ്റില്‍. മടിവാള സമുദായാംഗമായയാള്‍ക്ക് നല്‍കിയ വായ്പ മടക്കിവാങ്ങാന്‍ ഉപദേശം തേടി രേവനസിദ്ധപ്പയാണ് അഞ്ജനപ്പയെ സമീപിച്ചത്.

പെണ്‍കുട്ടിയെ പീഡിപ്പിക്കാനും താന്‍ ജാമ്യം സംഘടിപ്പിച്ചു നല്‍കാമെന്നും അഞ്ജനപ്പ ഉറപ്പു നല്‍കുന്ന ഓഡിയോ ക്ലിപ് വൈറലായതിനെ തുടര്‍ന്നാണു സംഭവം വിവാദമായത്. സമുദായ പ്രതിനിധികള്‍ പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്നാണ് അഞ്ജനപ്പയുടെ അറസ്റ്റ്. ജില്ലാ ബിജെപി ഘടകം ഇയാളെ അംഗത്വത്തില്‍ നിന്നു പുറത്താക്കി.