പത്തനംത്തിട്ട: ഭരണഘടനക്കെതിരെ വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവിന്റെ പ്രസംഗം. അഡ്വ. മുരളീധരന്‍ ഉണ്ണിത്താനാണ് ഭരണഘടന കത്തിക്കണമെന്ന ആഹ്വാനവുമായി രംഗത്തുവന്നത്.

ശബരിമലയില്‍ യുവതി പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മുരളീധരന്‍ ഉണ്ണിത്താന്റെ പരാമര്‍ശം.

ഭരണഘടന എഴുതിയത് കോട്ടിട്ട സായിപ്പന്മാരാണെന്നും അത് കത്തിക്കണമെന്നുമായിരുന്നു പ്രസംഗം. ഇന്ത്യയില്‍ ജനങ്ങള്‍ അന്തസ്സായി ജീവിക്കുന്നത് ഭരണഘടനയും ഐപിസിയും സിആര്‍പിസിയും കണ്ടിട്ടല്ല.

രാജ്യത്ത് 121 കോടിയിലേറെ ജനങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതില്‍ 99 ശതമാനം പേരും ഈ പറയുന്ന ഭരണഘടന കണ്ടിട്ടുപോലുമില്ല. അതെഴുതി വെച്ചത് കോട്ടിട്ട കുറെ സായിപ്പന്മാരാണ്.

Watch Video: 

ഭരണഘടന എഴുതിയ സമയത്ത് 14 ശതമാനം ജനങ്ങളുടെ അംഗീകാരം മാത്രമാണ് ഉണ്ടായിരുന്നത്. 14 ശതമാനം ആളുകള്‍ക്ക് മാത്രം വോട്ടവകാശം ഉണ്ടായിരുന്ന കാലത്താണ് ഈ പണ്ടാരം നമ്മുടെ തലയില്‍ അടിച്ചേല്‍പ്പിച്ചത്. ഇത് ചുടേണ്ട കാലം കഴിഞ്ഞു. അക്കാലം വിദൂരമല്ലെന്നും മുരളീധരന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ഉണ്ണിത്താന്റെ പ്രസംഗത്തിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.