kerala

മാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്

By webdesk18

December 24, 2025

പാലക്കാട് പുതുശ്ശേരിയില്‍ കുട്ടികളുടെ കരോള്‍ സംഘത്തിന് നേരെയുണ്ടായ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണത്തിനെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. 15 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ കരോള്‍ സംഘത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെയാണ് വിചിത്രമായ വാദങ്ങളിലൂടെ അദ്ദേഹം ന്യായീകരിച്ചത്. താന്‍ അറിഞ്ഞിടത്തോളം അത് ഒരു മാന്യമായ കരോള്‍ ആയിരുന്നില്ല. അവിടെ മദ്യപിച്ചതടക്കമുള്ള കാര്യങ്ങള്‍ നടന്നു. മാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും. അതാണ് അവിടെ പ്രശ്‌നമുണ്ടായതെന്നും ഷോണ്‍ ജോര്‍ജ് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘മാന്യമായ ഒരു കരോള്‍ ആയിരുന്നില്ല അത്. മാന്യമായ കരോള്‍ ആണെങ്കില്‍ പള്ളി അറിയണ്ടേ? രൂപത അറിയണ്ടേ? നടത്തുന്ന കരോള്‍ മാന്യമായിരിക്കണം. അല്ലാതെ നാട്ടുകാര്‍ക്ക് പ്രശ്‌നം ഉണ്ടാക്കുന്ന രീതിയില്‍, നാട്ടുകാരെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ഒരു കരോളാണ് അവിടെ നടന്നതെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. അവിടെ മദ്യപിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടന്നു. അറിഞ്ഞിടത്തോളം അത് ഒരു മാന്യമായ കരോള്‍ ആയിരുന്നില്ല. അതാണ് അവിടെ പ്രശ്‌നമുണ്ടായത്’ -ഷോണ്‍ പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് പുതുശ്ശേരി കുരുടിക്കാട് കാളാണ്ടിത്തറയില്‍ വിദ്യാര്‍ഥികളായ പത്തു പേര്‍ ക്രിസ്മസ് കരോളും ബാന്‍ഡ് വാദ്യങ്ങളുമായി എത്തിയപ്പോള്‍ ബി.ജെ.പിആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ അറസ്റ്റിലായ ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകന്‍ പുതുശ്ശേരി കാളാണ്ടിത്തറ അശ്വിന്‍ രാജ് (24) റിമാന്‍ഡിലാണ്.