കൊല്‍ക്കത്ത: മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ സ്വാമി അസീമാനന്ദ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നു. ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ ബി.ജെ.പിക്കായി അസീമാനന്ദ രംഗത്തിറങ്ങുക. ഇതു സംബന്ധിച്ച് അസീമാനന്ദയുമായി ചര്‍ച്ച നടത്തിയതായി ബിജെപി ബംഗാള്‍ പ്രസിഡന്റും ആര്‍.എസ്.എസ് പ്രചാരകനുമായ ദിലീപ് ഘോഷ് പറഞ്ഞു.

ഇപ്പോള്‍ സ്വാമി അസീമാനന്ദ കുറ്റവിമുക്തനായിരിക്കുകയാണ്. അതുകൊണ്ട് തന്നെ ബംഗാളില്‍ തങ്ങള്‍ക്കൊപ്പം അദ്ദേഹം കാംപയിന്‍ നടത്തും. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ അദ്ദേഹം സംസാരിക്കും.വലിയ സംഘടനാശേഷിയും പ്രവര്‍ത്തന പരിചയവുമുള്ള വ്യക്തിയാണ് സ്വാമി അസീമാനന്ദ. അദ്ദേഹത്തിന്റെ സംഘടനാ ശക്തി പാര്‍ട്ടിക്ക് കൂടുതല്‍ നേട്ടമുണ്ടാക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പിനുശേഷം ബംഗാളിലെ ആദിവാസി മേഖലയില്‍ പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താന്‍ അദ്ദേഹം പ്രവര്‍ത്തിക്കും, ദിലീപ് ഘോഷ് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് മക്ക മസ്ജിദ് ബോംബ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ് ഉള്‍പ്പെടെ അഞ്ചു പ്രതികളെ മതിയായ തെളിവുകള്‍ ഇല്ലെന്നു പറഞ്ഞ് വെറുതെ വിട്ടത്. വിധി പ്രഖ്യാപിച്ച മണിക്കൂറുകള്‍ക്കകം . എന്‍.ഐ.എ. പ്രത്യേക കോടതി ജഡ്ജി കെ.രവീന്ദര്‍ റെഡ്ഡിയാണു രാജിവെച്ചിരുന്നു. ഹൈദരാബാദിലെ മക്ക മസ്ജിദില്‍ 2007 മേയ് 18നുണ്ടായ സ്‌ഫോടനത്തില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.