അഹമ്മദാബാദ്: തനിക്ക് വധഭീഷണിയുണ്ടെന്ന് വദ്ഗാം എം.എല്‍.എ ജിഗ്നേഷ് മേവാനി. നേരത്തെ, ജിഗ്നേഷ് മേവാനിക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ദളിത് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ ഇല്ലാതാക്കാന്‍ സംഘ്പരിവാര്‍ ശക്തികള്‍ക്ക് കഴിയുമെന്ന് വെളിപ്പെടുത്തി ജിഗ്നേഷ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ആര്‍.എസ്.എസ്-ബി.ജെ.പി എന്നിവരുടെ ഭാഗത്തുനിന്നും തന്റെ ജീവന് ഭീഷണിയുണ്ട്. പ്രവീണ്‍ തൊഗാഡിയക്കുള്ളതുപ്പോലെയുള്ള പേടി തനിക്കുമുണ്ട്. ആരേയും ഇല്ലാതാക്കാന്‍ ആര്‍.എസ്.എസ് ഫാസിസ്റ്റ് ശക്തികള്‍ക്ക് കഴിയും. അവര്‍ക്ക് തന്നെ ഇല്ലാതാക്കണമെന്ന ആവശ്യമുണ്ടെന്നും മേവാനി പറഞ്ഞു.

ജിഗ്നേഷ് മേവാനിക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വിവിധ ദളിത് സംഘടനകള്‍ ഗുജറാത്തിലെ 30 കളക്ടര്‍മാര്‍ക്ക് മെമ്മറാണ്ടം സമര്‍പ്പിച്ചിരുന്നു. ജിഗ്നേഷിനും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖറിനുമെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എട്ട് കമാന്‍ഡോകളും മൂന്ന് സുരക്ഷാഉദ്യോഗസ്ഥരും അടങ്ങുന്നതാണ് വൈ കാറ്റഗറി സുരക്ഷ. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വദ്ഗാം മണ്ഡലത്തില്‍ നിന്നും ബി.ജെ.പിയെ തോല്‍പ്പിച്ചാണ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായിരുന്ന ജിഗ്നേഷ് മേവാനി ജയിച്ചുകയറിയത്. 19,696 വോട്ടുകള്‍ക്കാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്.