india

സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മോദിയെ അപമാനിച്ചെന്നാരോപിച്ച് മെറ്റ ഇന്ത്യന്‍ മേധാവിക്കെതിരെ കേസെടുത്ത് പൊലീസ്

By nazmiya nazreen

July 31, 2026

മോദി സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ക്കും അഴിമതികള്‍ക്കും എതിരെയുയരുന്ന ജനകീയ പ്രതിഷേധങ്ങളെയും സര്‍ഗ്ഗാത്മക വിമര്‍ശനങ്ങളെയും കേസില്‍ കുടുക്കി നിശബ്ദമാക്കാന്‍ ബിജെപിയുടെ ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ ഉള്ളടക്കം പ്രചരിപ്പിച്ചെന്ന ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍, സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ മെറ്റയുടെ (ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം) ഇന്ത്യ മേധാവി അരുണ്‍ ശ്രീനിവാസിനും നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കുമെതിരെ പോലീസ് കേസ് എടുത്തു.

നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ യുവാക്കളും വിദ്യാര്‍ത്ഥികളും നടത്തിയ ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി പങ്കുവെച്ച ട്രോളുകളും വിമര്‍ശന വീഡിയോകളുമാണ് ബിജെപിയെ ചൊടിപ്പിച്ചത്. ജനകീയ വിഷയങ്ങളില്‍ സര്‍ക്കാരിനുണ്ടായ തിരിച്ചടി മറച്ചുവെക്കാനും രാഷ്ട്രീയ എതിര്‍പ്പുകളെ വായടപ്പിക്കാനുമാണ് ബിജെപി പോലീസിനെ ഉപയോഗിച്ച് കേസെടുപ്പിച്ചിരിക്കുന്നതെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്.

20-ഓളം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ മോദിയെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കം നിര്‍മ്മിച്ചെന്നും ഇവ ഹോസ്റ്റ് ചെയ്തതിന് മെറ്റയ്ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ജനാധിപത്യ രാജ്യത്ത് ഭരണാധികാരികളുടെ തെറ്റായ നയങ്ങളെ വിമര്‍ശിക്കാനും ട്രോളുകളിലൂടെ പ്രതികരിക്കാനുമുള്ള പൗരന്മാരുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു എന്ന് ബിജെപി വക്താവ് എന്‍. വി. സുഭാഷ് അവകാശപ്പെടുന്നുണ്ടെങ്കിലും, സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്ന സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ സൈബര്‍ കേസില്‍ കുടുക്കി ഭയപ്പെടുത്തുന്ന സമീപനമാണ് ബിജെപി തുടരുന്നത്. തെലങ്കാന സൈബര്‍ ക്രൈം പോലീസ് എടുത്ത കേസില്‍ പരാമര്‍ശിച്ചിരുന്ന ലിങ്കുകളെല്ലാം ഇതിനകം തന്നെ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, സമൂഹമാധ്യമങ്ങളിലെ സ്വതന്ത്രമായ ആശയപ്രകടനത്തെ തടയാനുള്ള ബിജെപിയുടെ ഈ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.