Culture

ലൗ ജിഹാദ് ആരോപണത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ആത്മഹത്യ: യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

By chandrika

January 09, 2018

 

ബംഗളൂരു : ലൗജിഹാദ് ആരോപണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ ഇരുപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബി.ജെ.പിയുടെ യുവജന സംഘടനയായ യുവമോര്‍ച്ച നേതാവ് അനില്‍ രാജ് അറസ്റ്റില്‍. കര്‍ണാടകത്തിലെ ചിക്മംഗ്ലൂരില്‍ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി ധന്യശ്രീ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിതാവ് യാദവ് സുവര്‍ണ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.

ഒരു വാട്‌സ്ആപ്പ് സന്ദേശത്തില്‍ തനിക്ക് മുസ്‌ലിങ്ങളെ ഇഷ്ടമാണെന്ന് ധന്യശ്രീ പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ധന്യശ്രീക്കെതിരെ നിരന്തരം ഭീഷണിയും അവഹേളനവും ആരംഭിച്ചു. സന്തോഷ് എന്ന ബജ്‌രംഗദള്‍ പ്രവര്‍ത്തകന്‍ വീട്ടിലേക്ക് വിളിച്ച് ധന്യശ്രീ എന്തിനാണ് തലയില്‍ തട്ടമിട്ടിരിക്കുന്ന ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ഇട്ടിരിക്കുന്നതെന്നും ഭീഷണിപ്പെടുത്തി. അതിനടുത്ത ദിവസം ഒരുസംഘം ആളുകള്‍ വീട്ടിലെത്തി മകളെ നിയന്ത്രിക്കണമെന്നും ഇല്ലെങ്കില്‍ അനന്തരഫലം നേരിടാന്‍ തയാറായിക്കൊള്ളാനും യുവമോര്‍ച്ച, ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി അമ്മ സരസ്വതി സുവര്‍ണ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ജനുവരി ആറിനാണ് ധന്യശ്രീയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മുസ്‌ലീം യുവാവുമായി പ്രണയത്തിലാണെന്നും താന്‍ ലൗ ജിഹാദിന്റെ ഭാഗമാണെന്ന തരത്തില്‍ കാര്യങ്ങള്‍ പ്രചരിപ്പിക്കുയും അപമാനിക്കുകയുമാണ് ചിലര്‍. ഈ അപമാനം തനിക്ക് താങ്ങാന്‍ സാധിക്കുന്നില്ലെന്നും അതിനാല്‍ ജീവനൊടുക്കുന്നു എന്നുമുള്ള ആത്മഹത്യാ കുറിപ്പ് എഴുതിയാണ് ധന്യശ്രീ ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാവുമെന്ന് പൊലീസ് അറിയിച്ചു.