പാലക്കാട്: ബിഹാര്‍ പോസ്റ്റര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി എംബി രാജേഷ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. ബിജെപിയുടെ കപടവിലാപങ്ങളുടെ മെഗാഫോണാവുക എന്നതാണ് എം ബി രാജേഷിനെപ്പോലുള്ളവര്‍ സ്വയം സ്വീകരിച്ചിരിക്കുന്ന വഴിയെന്നാണ് വി ടി ബല്‍റാമിന്റെ വിമര്‍ശനം. എം ബി രാജേഷ് ഇപ്പോഴുയര്‍ത്തുന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കാലം മുന്നില്‍ക്കണ്ടാണ് എന്നും ബല്‍റാം പറഞ്ഞു.
മോദി സര്‍ക്കാരിന്റെ പൗരത്വ കരി നിയമങ്ങള്‍ക്കെതിരായ ജനകീയ പ്രക്ഷോഭകാലത്ത് സമരം ചെയ്യുന്നവര്‍ക്കെതിരെ ‘ഗോലി മാരോ സാലോംകോ’, (വെടിവച്ച് കൊല്ലിനെടാ അവറ്റകളെയൊക്കെ) എന്ന് ഹിന്ദുത്വ ആള്‍ക്കൂട്ടത്തോട് ആഹ്വാനം ചെയ്ത കൊടും വര്‍ഗീയവാദി അനുരാഗ് ഠാക്കൂറിനെ തന്റെ ആത്മാര്‍ത്ഥ മിത്രമായി പരിചയപ്പെടുത്തുന്നയാളാണ് എം ബി രാജേഷെന്ന് കേരളം മറന്നിട്ടില്ല. അക്കാര്യത്തിലന്ന് സ്വന്തം അനുഭാവികള്‍ക്കിടയില്‍ നിന്ന് പോലും ഏറ്റുവാങ്ങേണ്ടിവന്ന വിമര്‍ശനങ്ങളുടെ ജാള്യത തീര്‍ക്കാനവസരം നോക്കി നടക്കുകയാണ് അദ്ദേഹമെന്ന് സംശയിക്കണം എന്നും കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടുന്നു.
ബിഹാര്‍ വിവാദത്തില്‍ കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് താന്‍ ഇതുവരെ മാറിയിട്ടോ മാറ്റപ്പെട്ടിട്ടോ ഇല്ല. ഇക്കാര്യത്തില്‍ ടൈറ്റില്‍ കാര്‍ഡുകളിറക്കുന്ന ചില ചാനലുകളുടെ ഉന്നം എളുപ്പത്തില്‍ മനസ്സിലാക്കാനാവും, എന്നാല്‍ എം ബി രാജേഷും ശിവന്‍കുട്ടിയുമടങ്ങുന്ന മന്ത്രിപ്പട ഇതില്‍ അമിതാവേശം കാണിച്ച് ഇളിഭ്യരാവണ്ടെന്നും വിടി ബല്‍റാം പോസ്റ്റില്‍ പറയുന്നു.
സോഷ്യല്‍ മീഡിയവഴി ബല്‍റാം തെറിക്കൂട്ടത്തെ വളര്‍ത്തിയെടുത്തെന്നും ബിഹാറില്‍ തക്കം നോക്കിയിരുന്ന ബിജെപിക്ക് മനഃപൂര്‍വം ആയുധം കൊടുത്തെന്നുമായിരുന്നു എം ബി രാജേഷ് കഴിഞ്ഞ ദിവസം ഉന്നയിച്ച വിമര്‍ശനം. കേരളത്തിലെ സാഹിത്യകാരന്‍മാരെ, എ.കെ.ജിയെ അപമാനിച്ച വ്യക്തിയാണ്. സാമൂഹ്യ മാധ്യമങ്ങളെ അന്തസുള്ള രാഷ്ട്രീയ വിമര്‍ശനത്തിന് ഉപയോഗിക്കാത്തയാളാണ് വിടി ബല്‍റാം എന്നും മന്ത്രി എംബി രാജേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.
വിടി ബല്‍റാമിന്റെ പോസ്റ്റ് പൂര്‍ണരൂപം-
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും എന്റെ നാട്ടിലെ നിലവിലെ എംഎൽഎയുമായ എം ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇന്നലെ കണ്ടു. അദ്ദേഹത്തിന്റെ മനസ്സിന്റെ വിശാലതയും സഹിഷ്ണുതയുടെ പരപ്പും ആത്മവിശ്വാസത്തിന്റെ ആഴവും സ്നേഹത്തിന്റെ ഊഷ്മളതയുമൊക്കെ ആ വാക്കുകളിൽ നല്ലോണം തെളിയുന്നുണ്ട്.ആദ്യം തന്നെ കൃത്യമായി ഒരു കാര്യം പറയട്ടെ, കെപിസിസി വൈസ് പ്രസിഡണ്ട് എന്ന നിലയിൽ എന്നിലേൽപ്പിക്കപ്പെട്ട നിരവധി സംഘടനാപരമായ ചുമതലകളിലൊന്നാണ് സാമൂഹ്യ മാധ്യമ വിഭാഗ (DMC) ത്തിന്റേത്. എന്നാൽ ആ ചുമതലയിൽ തുടർന്നുകൊണ്ട് അതിനായി കൂടുതൽ സമയം കണ്ടെത്താൻ കഴിയുന്നില്ല എന്ന വ്യക്തിപരമായ പരിമിതി ഞാൻ മാസങ്ങളായി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും DMC ചെയർമാൻ സ്ഥാനത്ത് നിന്ന് വി.ടി. ബൽറാം എന്ന ഈ ഞാൻ ഇതുവരെ മാറിയിട്ടോ മാറ്റപ്പെട്ടിട്ടോ ഇല്ല. ഇക്കാര്യത്തിൽ ടൈറ്റിൽ കാർഡുകളിറക്കുന്ന ചില ചാനലുകളുടെ ഉന്നം എളുപ്പത്തിൽ മനസ്സിലാക്കാനാവും, എന്നാൽ എം ബി രാജേഷും ശിവൻകുട്ടിയുമടങ്ങുന്ന മന്ത്രിപ്പട ഇതിൽ അമിതാവേശം കാണിച്ച് ഇളിഭ്യരാവണ്ട. വിവാദമായ X പോസ്റ്റുമായി ബന്ധപ്പെട്ട് എന്നെ പ്രതിക്കൂട്ടിൽ നിർത്തുന്ന സമീപനം കോൺഗ്രസ് നേതൃത്വത്തിൽ ആർക്കും ഇല്ല. X പ്ലാറ്റ്ഫോം കൈകാര്യം ചെയ്യുന്ന ടീമിന്റെ ഭാഗത്തുനിന്ന് ഒരു പിഴവു വന്നതായി ശ്രദ്ധയിൽപ്പെട്ടപ്പോൾ അനുചിതമായ ആ പോസ്റ്റ് തിരുത്തിക്കുക എന്ന നിലയിലുള്ള സംഘടനാപരമായ ഇടപെടലാണ് എന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് കോൺഗ്രസ് പാർട്ടി നേതൃത്വത്തിന് നന്നായറിയാം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടേയും കെപിസിസി പുന:സംഘടനയുടേയുമൊക്കെ പശ്ചാത്തലത്തിൽ സാമൂഹിക മാധ്യമ വിഭാഗത്തിലും ആവശ്യമായ അഴിച്ചുപണികൾ ഉദ്ദേശിക്കുന്നുണ്ട്. അത് വേറെ കാര്യം. അതിൽ മാധ്യമങ്ങളെ അറിയിക്കേണ്ട വല്ലതുമുണ്ടെങ്കിൽ ഉചിതമായ സമയത്ത് പാർട്ടി തന്നെ അറിയിക്കും.ഇവിടെ എന്താണ് മന്ത്രി എം.ബി. രാജേഷിന്റെ യഥാർത്ഥ പ്രശ്നം എന്നതിന് ഒരു വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മോദി സർക്കാരിന്റെ പൗരത്വ കരി നിയമങ്ങൾക്കെതിരായ ജനകീയ പ്രക്ഷോഭകാലത്ത് സമരം ചെയ്യുന്നവർക്കെതിരെ “ഗോലി മാരോ സാലോംകോ”, (വെടിവച്ച് കൊല്ലിനെടാ അവറ്റകളെയൊക്കെ) എന്ന് ഹിന്ദുത്വ ആൾക്കൂട്ടത്തോട് ആഹ്വാനം ചെയ്ത കൊടും വർഗീയവാദി അനുരാഗ് ഠാക്കൂറിനെ തന്റെ ആത്മാർത്ഥ മിത്രമായി പരിചയപ്പെടുത്തുന്നയാളാണ് എം ബി രാജേഷെന്ന് കേരളം മറന്നിട്ടില്ല. അക്കാര്യത്തിലന്ന് സ്വന്തം അനുഭാവികൾക്കിടയിൽ നിന്ന് പോലും ഏറ്റുവാങ്ങേണ്ടിവന്ന വിമർശനങ്ങളുടെ ജാള്യത തീർക്കാനവസരം നോക്കി നടക്കുകയാണ് അദ്ദേഹമെന്ന് സ്വാഭാവികമായും തോന്നിപ്പോവുന്നു.