ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ട മെട്രോ ഗേറ്റ് നമ്പര്‍ ഒന്നിന് സമീപം ഉണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ഫോടനത്തെ തുടര്‍ന്ന് സമീപത്തെ വാഹനങ്ങളിലേക്കും തീ പടര്‍ന്നു.
സാക്ഷികളുടെ മൊഴിപ്രകാരം, ഗേറ്റ് നമ്പര്‍ 1ന് സമീപം പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകളിലാണ് സ്ഫോടനം ഉണ്ടായത്. തീ പടരുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവസമയത്ത് പ്രദേശത്ത് വലിയ ജനക്കൂട്ടമുണ്ടായിരുന്നതിനാല്‍ പരിക്കേറ്റവരുടെ എണ്ണം കൂടുതലായിരിക്കാമെന്നാണ് സൂചന.
ഡല്‍ഹി പൊലീസ് സ്ഥലത്ത് ശക്തമായ സുരക്ഷാ ബലപ്രയോഗം ഏര്‍പ്പെടുത്തി. പ്രദേശത്ത് ആളുകളെ ഒഴിപ്പിക്കുകയും പരിക്കേറ്റവരെ അടിയന്തരമായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. തീ നിയന്ത്രണത്തില്‍ ആക്കുന്നതിനായി അഗ്‌നിശമനസേനയുടെ നിരവധി യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ബോംബ് സ്‌ക്വാഡ്, ഫോറന്‍സിക് ടീം എന്നിവ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.