പനാജി: ഇന്ത്യന്‍ സൂപ്പര്‍ലീഗിനിടെയുള്ള സൗഹൃദമത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റി എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ ജയം. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുല്‍ഹൗ ട്വീറ്റിലൂടെയാണ് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്.

ബ്ലാസ്റ്റേഴ്‌സിനായി ബ്രസീല്‍ താരം ഫക്കുണ്ടോ പെരേര രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ഓസ്‌ട്രേലിയന്‍ താരം ജോര്‍ദാന്‍ മുറെ ഒരു ഗോള്‍ സ്വന്തമാക്കി.

റിസര്‍വ് താരങ്ങള്‍ക്കാണ് ക്ലബ് മത്സരത്തില്‍ ഇടം നല്‍കിയത്. ബ്ലാസ്റ്റേഴ്‌സിനായി പെരേരയും മുറേയും 45 മിനിട്ട് വീതമാണ് കളിച്ചത്. മുംബൈക്കായി ഒരു വിദേശതാരം മാത്രമാണ് കളത്തിലിറങ്ങിയത്.

നേരത്തെ മോഹന്‍ ബഗാനുമായാണ് കേരള ടീം സൗഹൃദ മത്സരം കളിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം എടികെയ്ക്ക് പകരം മുംബൈയെത്തുകയായിരുന്നു.

അതേസമയം, ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് എടികെയോട് പരാജയപ്പെട്ടിരുന്നു. റോയ് കൃഷ്ണ നേടിയ ഏക ഗോളിനായിരുന്നു കൊല്‍ക്കത്തന്‍ ടീമിന്റെ ജയം. മുംബൈ സിറ്റി എഫ്‌സി ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് പരാജയപ്പെട്ടു. എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ സിറ്റിയും പരാജയപ്പെട്ടത്.