News

ബ്ലാസ്റ്റേഴ്‌സ് കോര്‍പ്പറേറ്റ് കപ്പ് 2025: ടിസിഎസിനും യുഎസ്ടിക്കും കിരീടനേട്ടം

By webdesk18

November 10, 2025

കൊച്ചി: ബ്ലാസ്റ്റേഴ്‌സ് കോര്‍പ്പറേറ്റ് കപ്പ് 2025ന് കാക്കനാട് ആക്ടിവ്ബേസ് സ്പോര്‍ട്സ് സെന്ററില്‍ സമാപനം. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) പുരുഷ വിഭാഗത്തിലും യുഎസ്ടി വനിതാ വിഭാഗത്തിലും കിരീടം സ്വന്തമാക്കി. പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരെ ഫുട്‌ബോളിന്റെ ആവേശത്തിലൂടെ ഒന്നിപ്പിക്കുകയാണ് ടൂര്‍ണമെന്റിന്റെ ലക്ഷ്യം.

വാശിയേറിയ പുരുഷ ഫൈനലില്‍ ടിസിഎസ് എച്ച് ആന്റ് ആര്‍ ബ്ലോക്കിനെതിരെ 21നാണ് ജയം ഉറപ്പിച്ചത്. വനിതാ ഫൈനലില്‍ യുഎസ്ടി വിപ്രോയോട് 10 എന്ന വ്യത്യാസത്തിലാണ് വിജയം കരസ്ഥമാക്കിയത്. ജീവനക്കാരും കുടുംബാംഗങ്ങളും നിറഞ്ഞ ഗാലറിയുടെ ആവേശത്തിനിടയിലാണ് മത്സരങ്ങള്‍ നടന്നത്.

ഒക്ടോബര്‍ 18ന് തുടക്കമായ ടൂര്‍ണമെന്റില്‍ 12 പുരുഷ ടീമുകളും 4 വനിതാ ടീമുകളും പങ്കെടുത്തു. നാല് വാരാന്ത്യങ്ങളിലായി നടന്ന 7-എ-സൈഡ് മത്സരങ്ങളില്‍ 250-ത്തിലധികം കളിക്കാരാണ് അണിനിരന്നത്.

പുരുഷ വിഭാഗത്തില്‍ ടിസിഎസിലെ റീജോ ജോര്‍ജ് ‘പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്’ ആയി തെരഞ്ഞെടുത്തു. ടിസിഎസിന്റെ ജൂബിന്‍ അഗസ്റ്റിന്‍ ‘ഗോള്‍ഡന്‍ ഗ്ലൗ’ നേടി. എക്സ്പീരിയണിലെ അഹമ്മദ് മുര്‍ഷാദ് ‘ഗോള്‍ഡന്‍ ബൂട്ട്’ നേടി. വനിതാ വിഭാഗത്തില്‍ യുഎസ്ടിയിലെ സൂര്യ പോള്‍ ‘പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്’ ആയി തിരഞ്ഞെടുക്കപ്പെട്ടു. യുഎസ്ടിയിലെ വിജയലക്ഷ്മി വില്‍സണ്‍ മികച്ച ഗോള്‍കീപ്പറായി, വിപ്രോയിലെ അഞ്ജന ബേബി ടോപ് സ്‌കോററായി മാറി.

കോര്‍പ്പറേറ്റ് ജീവനക്കാരുടെ കൂട്ടായ്മയും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കാന്‍ ഈ ടൂര്‍ണമെന്റ് വലിയ വേദിയായിത്തീര്‍ന്നതായി കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു. ഫുട്‌ബോളിനപ്പുറം സാമൂഹിക ബന്ധങ്ങളും കായിക വികസനവും മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമം തുടരുമെന്നും അവര്‍ വ്യക്തമാക്കി.