കോഴിക്കോട്: പുതിയ ഐ.എസ്.എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ക്ക് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം വേദിയാകും. ഏഴു മത്സരങ്ങളാണ് കോഴിക്കോട് നടക്കുക. ഇതുസംബന്ധിച്ച് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും കേരള ഫുട്ബാള്‍ അസോസിയേഷനും (കെ.എഫ്.എ) ധാരണയിലെത്തി. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ നവീകരണ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ ഇത്തവണ കോഴിക്കോട്ടേക്ക് മാറ്റുന്നത്.
ഫെബ്രുവരി 14നാണ് പുതിയ ഐ.എസ്.എല്‍ സീസണിന് കിക്കോഫ്. ഫെബ്രുവരി അവസാനമായിരിക്കും കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ ആദ്യ മത്സരം നടക്കുക. മഞ്ചേരി പയ്യനാട് സ്റ്റേഡിയവും പരിഗണിച്ചിരുന്നെങ്കിലും മെച്ചപ്പെട്ട സൗകര്യങ്ങളാണ് കോഴിക്കോടിന് അനുകൂലമായത്. കഴിഞ്ഞദിവസം ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികള്‍ സ്റ്റേഡിയം സന്ദര്‍ശിച്ചിരുന്നു.
കഴിഞ്ഞ സൂപ്പര്‍ ലീഗ് കേരള സീസണില്‍ കോഴിക്കോട് സ്റ്റേഡിയത്തിലേക്ക് ആയിരങ്ങളാണ് കളി കാണാനെത്തിയത്. ഈ ആരാധക പിന്തുണയും ആവേശവും പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനും കരുത്താകുമെന്ന കണക്കുകൂട്ടലിലാണ് മാനേജ്‌മെന്റ്. ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരത്തിന് കൊച്ചിക്കു പുറമെ, കേരളത്തിലെ മറ്റൊരു നഗരം വേദിയാകുന്നത്.
ഡിസംബറില്‍ നടന്ന സൂപ്പര്‍ക്രോസ് റേസിങ് ലീഗിനെ തുടര്‍ന്ന് കോഴിക്കോട് സ്റ്റേഡിയത്തിലെ പുല്ലുകള്‍ നശിച്ചത് വലിയ വിവാദമായിരുന്നു. എന്നാല്‍, പുല്‍മൈതാനം പഴയപടിയാക്കി, നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കി സ്റ്റേഡിയം ഫെബ്രുവരി പകുതിയോടെ കൈമാറാമെന്ന് സംഘാടകര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. നിലവില്‍ ഐ ലീഗില്‍ ഗോകുലം കേരള എഫ്.സിയുടെയും സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്.സിയുടെയും ഹോംഗ്രൗണ്ടാണ് കോഴിക്കോട് സ്റ്റേഡിയം.