india

ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം

By webdesk17

November 25, 2025

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍ (ബിഎല്‍ഒ) ആയി ചേര്‍ന്നിരുന്ന അധ്യാപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ വ്യാപക വിമര്‍ശനം. വിപിന്‍ യാദവ് എന്ന അധ്യാപകനാണ് മരണത്തിന് കീഴടങ്ങിയത്. എസ്‌ഐആര്‍ (സ്‌പെഷ്യല്‍ സമറി റിവിഷന്‍) പൂര്‍ത്തിയാക്കേണ്ടതിന്റെ കടുത്ത ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമായതെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു.

രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് ജീവനൊടുക്കുന്ന ആറാമത്തെ ബിഎല്‍ഒ ഇതാണ്. ജോലി സമ്മര്‍ദത്തെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. മേലുദ്യോഗസ്ഥരില്‍ നിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് വഴിവെച്ചതെന്ന് യാദവ് വീഡിയോയില്‍ പറയുന്നു.

വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച വിപിന്‍ യാദവിനെ ഉടന്‍ ലഖ്‌നൗയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം പ്രദേശത്ത് പ്രതിഷേധം ശക്തമായി. എന്നാല്‍ ആത്മഹത്യ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണം അധികൃതര്‍ നല്‍കിയിട്ടില്ല.