മലപ്പുറം: വീട് വെക്കാന്‍ അനുവദിക്കാത്ത പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിന്റെ നടപടിക്കെതിരെ സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം. തിരൂരങ്ങാടി സ്വദേശി റിയാസ് പൂവാട്ടിലും കുടുംബവുമാണ് സമരത്തിനിറങ്ങിയത്.
സി.പി.എം ബ്രാഞ്ച് സെക്രട്ടറി പട്ടേരിക്കുന്നത്ത് സുബൈറിന്റെ നേതൃത്വത്തില്‍ വീട് നിര്‍മ്മാണം തടസ്സപ്പെടുത്തുന്നു എന്നാണ് പരാതിക്കാരന്‍ പറയുന്നത്. വീട് പണിയാനായി കെട്ടിയ തറ രാത്രിയില്‍ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം തകര്‍ത്തെന്നും ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും കുടുംബം ആരോപിക്കുന്നു.
പാര്‍ട്ടി പറയുന്ന സ്ഥലത്ത് മാത്രമേ വീട് പണിയാവൂ എന്ന് നിര്‍ബന്ധിച്ചതായും അല്ലെങ്കില്‍ നിര്‍മ്മാണം അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും റിയാസ് പറഞ്ഞു. പ്രവാസിയായിരുന്ന ഇയാള്‍. മുന്‍പ് പാര്‍ട്ടിയില്‍ സജീവമായിരുന്നിട്ടും തന്റെ സങ്കടം കേള്‍ക്കാന്‍ പ്രാദേശിക നേതൃത്വം തയ്യാറാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.