നജീബ് മൂടാടി

“ഡോക്ടർ പോവുന്നേന് മുമ്പ് ഒന്ന്‌ വേം തരണേ… ഓനൊറ്റക്കാ…. ന്റെ കൂടെ വേറെ ആരും ഇല്ല”

ആ പാതിരാവിൽ മെഡിക്കൽ ഷോപ്പുകാരൻ മരുന്നെടുത്തു കൊടുക്കാൻ നേരം വൈകുംതോറും ഒപ്പമുള്ള രോഗിയെ ഓർത്താവണം അയാൾ പരിഭ്രാന്തനായും തളർന്നും വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു.

ആ പാതിരാക്ക് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ ഒരു രോഗിയുമായി ചെന്നതായിരുന്നു ഞാനും. കുറിച്ച് തന്ന അഞ്ചു മരുന്നുകളിൽ ഒരെണ്ണം മാത്രമാണ് കാഷ്വാലിറ്റിയിലെ ഫാർമസിയിൽ ഉണ്ടായിരുന്നത്. ബാക്കിയുള്ളത് വാങ്ങാനാണ് പുറത്തേ മെഡിക്കൽ ഷോപ്പിലേക്ക് പോന്നത്. എന്റെ മുന്നിൽ നിന്നിരുന്ന അയാൾ 1700 രൂപക്ക് എന്തോ സർജറിക്കുള്ള മരുന്നുകളും അനുബന്ധ സാധനങ്ങളും വാങ്ങി ധൃതിപ്പെട്ടുകൊണ്ട് പോയി.

നജീബ് മൂടാടി
നജീബ് മൂടാടി

ഇതൊരു ഒറ്റപ്പെട്ട അനുഭവമായിരിക്കില്ല. പകലായാലും രാത്രി ആയാലും മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ അടിയന്തര ചികിത്സ തേടി എത്തുന്നവർക്ക് മരുന്നും ശാസ്ത്രക്രിയാവശ്യത്തിനുള്ള സംഗതികളും ഒക്കെ പുറത്തുപോയി വാങ്ങിക്കേണ്ടി വരിക എന്നത് ചെറിയ പ്രയാസമല്ല.

സർക്കാരാശുപത്രികളിൽ മരുന്ന് സൗജന്യമാണ് എന്നാണ് വെപ്പെങ്കിലും വളരെ കുറഞ്ഞ മരുന്നുകൾ മാത്രമേ ഉണ്ടാവാറുള്ളൂ. സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത ആയതുകൊണ്ട് ഇക്കാര്യത്തിലുള്ള അലംഭാവം മനസ്സിലാക്കാം. അത് കൊണ്ട് തന്നെ മിക്കവാറും മരുന്നുകൾ കാശ് കൊടുത്തു പുറത്തു നിന്ന് വാങ്ങാൻ നിർബന്ധിതമാവുകയാണ് പൊതുജനം. അങ്ങനെയെങ്കിൽ പണം കൊടുത്തു മരുന്ന് വാങ്ങാനുള്ള സൗകര്യം കാഷ്വാലിറ്റിയോട് അനുബന്ധിച്ചു തന്നെ സർക്കാരിന് ഏർപ്പെടുത്തിക്കൂടെ. ഏതായാലും കാശ് കൊടുത്തു വാങ്ങണം. എന്നാൽ പുറത്തു പോയി മരുന്നിനായി അലയേണ്ടി വരിക എന്ന ബുദ്ധിമുട്ടെങ്കിലും ഒഴിവാക്കിക്കൂടെ?.

പെട്ടെന്നൊരു അസുഖമോ അപകടമോ ആയി മെഡിക്കൽ കോളേജിലേക്ക് ഓടിയെത്തുമ്പോൾ രോഗിയുടെ കൂടെ ഉണ്ടാകുക പലപ്പോഴും ഉറ്റ ആരെങ്കിലും ഒരാളായിരിക്കും. ചിലപ്പോഴത് അമ്മയോ ഭാര്യയോ അങ്ങനെ സ്ത്രീകൾ ആരെങ്കിലും മാത്രമാവാം.

തളർന്നവശനായ രോഗിയെ ഒറ്റക്കാക്കി നിരത്തു മുറിച്ചു കടന്ന് മരുന്നുകൾ വാങ്ങി വരേണ്ടി വരിക എന്നത് ചില്ലറ പ്രയാസമല്ല. പനിച്ചു തളർന്ന മോനുമായി വരുന്ന ഒരമ്മക്ക്…..അവശയായ ഭാര്യയോടൊപ്പം വന്നൊരു ഭർത്താവിന്…..ആലോചിച്ചു നോക്കൂ ഈ അവസ്ഥയിൽ ഇവരെ ഒറ്റക്ക് വിട്ട് മരുന്നുവാങ്ങാനായി അലയേണ്ടി വരുന്ന അവസ്ഥ എത്ര സങ്കടകരമാണ്.

പകലായാലും പാതിരയായാലും മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ ഒരുപോലെ തിരക്കാണ്. രോഗികളുമായി ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങൾ, സ്‌ട്രെക്ച്ചറിലോ വീൽ ചെയറിലോ നടത്തിയോ രോഗിയുമായി ധൃതിപ്പെട്ട് ഉള്ളിലേക്ക് പോകുന്നവർ, കാഷ്വാലിറ്റി വാർഡിലെ കട്ടിലുകളിൽ തലങ്ങും വിലങ്ങും കിടക്കുന്നവർ, കൂടി നിൽക്കുന്ന ആൾക്കൂട്ടം……..നമ്മുടെ അഹങ്കാരങ്ങളൊക്കെയും ഒറ്റയടിക്ക് ഇല്ലാതാക്കുന്ന നിസ്സഹായതയുടെയും ദൈന്യതയുടെയും കാഴ്ചകളാണവിടം.

ആരും ആശുപത്രികളിൽ സ്ഥിരമായി വരുന്നവരല്ല. എന്ത് ചെയ്യണം എന്നൊരു രൂപവുമില്ലാതെ പരിഭ്രാന്തരായി നിൽക്കുമ്പോഴാണ് ഒറ്റക്കായിപ്പോകുന്നതിന്റെ സങ്കടം വല്ലാതെ അനുഭവിക്കുക. തന്റെ കുഞ്ഞിനെ/അമ്മയെ/ഭാര്യയെ/ഭർത്താവിനെ…. ആരെ ഏല്പിച്ചാണ് എങ്ങോട്ട് പോയാണ് താൻ ഇതൊക്കെ ചെയ്യേണ്ടത് എന്ന നിസ്സഹായാവസ്ഥയിൽ മെഡിക്കൽ കോളേജ് കാഷ്വാലിറ്റിക്ക് മുന്നിൽ നിൽക്കേണ്ടി വരുന്ന അവസ്ഥ ഒന്ന് ഓർത്തു നോക്കുക.

സർക്കാരിന്റെ നീതി മെഡിക്കൽ സ്റ്റോർ പോലെയോ അല്ലാതെയോ കാഷ്വാലിറ്റിയോടാനുബന്ധിച്ച്‌ സർക്കാരിന്റെ തന്നെ ഫാർമസി എല്ലാ സൗകര്യങ്ങളോടെയും ഉണ്ടാവുകയാണെങ്കിൽ അത് ഏറ്റവും വലിയ അനുഗ്രഹമായിരിക്കും. ഫലത്തിൽ ഇപ്പോൾ അഹുഭൂരിപക്ഷം ആളുകളും മരുന്നുകൾ പുറത്തു പോയി വാങ്ങേണ്ടി വരുന്ന സാഹചര്യത്തിൽ ഏട്ടിലെഴുതിയ കാര്യങ്ങളിലെ ചില ശാഠ്യങ്ങൾ മാറ്റിവെച്ചു പ്രായോഗികമായ ചിന്തകൾ അല്ലെ പൊതുജനങ്ങൾക്ക് ഗുണകരമാവുക.

Collector Kozhikode