കണ്ണൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. കുന്നരു യുപി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്‌ഐആര്‍ ജോലിസംബന്ധിച്ച സമ്മര്‍ദമാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ എസ്‌ഐആര്‍ മാറ്റിവെക്കണമെന്നും തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം എസ്‌ഐആര്‍ നടപടികളും കൂടി വരുന്നത് ജോലിഭാരം കൂട്ടുമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരിഗണിച്ചിരുന്നില്ല. അതേസമയം മരണത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എസ്‌ഐആറിന്റെ പേരില്‍ അമിത സമ്മര്‍ദമാണ് ബിഎല്‍ഒമാര്‍ക്ക് നല്‍കുന്നതെന്നും ഇത്തരം നടപടികള്‍ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മതിയായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാദേശിക പ്രതിനിധിയാണ് ബിഎല്‍ഒ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറാണ് ബിഎല്‍ഒമാരെ നിയമിക്കുന്നത്. അധ്യാപകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, വില്ലേജ് ലെവല്‍ വര്‍ക്കര്‍മാര്‍ തുടങ്ങിയവരെ എല്ലാം ബിഎല്‍ഒ ആയി നിയമിക്കും. വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പാക്കാന്‍ വീട്ടില്‍ ചെന്ന് പരിശോധന നടത്തുക, വോട്ടര്‍മാരെ സഹായിക്കുക, തെരഞ്ഞെടുപ്പ് ദിവസം ബൂത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക എന്നിവയും ബിഎല്‍ഒയുടെ ചുമതലയില്‍ വരും.
തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം എസ്‌ഐആര്‍ കൂടി നടക്കുന്നതിനാല്‍ ബിഎല്‍ഒമാര്‍ക്ക് ഇരട്ടിപ്പണിയാണ്. ഫോമിലെ സങ്കീര്‍ണത കാരണം സംശയനിവാരണം തന്നെയാണ് ഏറ്റവും വലിയ പ്രശ്‌നം. നിശ്ചയിച്ച സമയത്തിനകം തീര്‍ക്കാന്‍ കഴിയാവുന്ന അത്രയും സംശയങ്ങളാണ് പലര്‍ക്കും. ടൈം എടുത്ത് ചെയ്യേണ്ട ജോലിയാണിത്. ഒന്നും രണ്ടും തവണയല്ല, ഫോണെടുക്കാന്‍ തന്നെ ഒരാളെ വെക്കേണ്ട സ്ഥതി വരെയുണ്ടെന്ന് പറയുന്ന ബിഎല്‍ഒമാരുമുണ്ട്. ഫോം വിതരണം ചെയ്യാന്‍ എത്തുമ്പോള്‍ പല വീടുകളിലും ആളില്ലാത്ത സ്ഥിതിയുണ്ട്. ആളുകളെ കൃത്യമായി കണ്ടെത്താന്‍ ആകുന്നില്ലെന്ന് പരാതിയും ഉണ്ട്.
പലരും താമസം മാറിയിരിക്കുന്നു. ഇനി താമസം മാറിപ്പോയവരാകട്ടെ ഫോം ഇപ്പോള്‍ നിലവിലുള്ള സ്ഥലത്ത് കൊണ്ട് വരാനും ആവശ്യപ്പെടുന്നു. പല ആളുകളുടെയും പേരുകള്‍ പഴയ പട്ടികയില്‍ ഇല്ല എന്നതിനാല്‍ വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ട്. കൃത്യമായി ട്രെയിനിങ് തരാത്തതിന്റെ പ്രശ്‌നങ്ങളും ബിഎല്‍ഒമാര്‍ക്കുണ്ട്. എസ്‌ഐആര്‍ എന്നതിനെക്കുറിച്ച് ധാരണയില്ലാത്തതിനാല്‍ പലരും ഉള്‍വലിയുന്നുണ്ട്. ഇവരെ തേടിപ്പിടിച്ച് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കേണ്ട ചുമതലയും ബിഎല്‍ഒമാര്‍ക്കാണ്.