മാപുട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ബെയ്‌റാ തുറമുഖത്തിന് സമീപം ഉണ്ടായ ബോട്ട് അപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു, അഞ്ചുപേരെ കാണാതായി. കാണാതായവരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു.
തുറമുഖത്തിന് സമീപം ക്രൂ ട്രാന്‍സ്ഫര്‍ ഓപ്പറേഷനിനിടെ ചരക്ക് കപ്പലിലെ ജീവനക്കാരെ വഹിച്ചുകൊണ്ടിരുന്ന ലോഞ്ച് ബോട്ട് മറിഞ്ഞതോടെയാണ് അപകടം സംഭവിച്ചതെന്ന് മൊസാംബിക്കിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.
എം.ടി. സീ ക്വസ്റ്റ് എന്ന എണ്ണടാങ്കറിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടില്‍ ജോലിക്കാരും കപ്പലില്‍ ജോലിക്കു കയറേണ്ടവരുമായി ആകെ 21 പേര്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇവരില്‍ 13 പേരെ രക്ഷപ്പെടുത്തി.
കപ്പലില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്ന കമ്പനിയിലെ ജീവനക്കാരനായ ഇന്ദ്രജിത്ത് ആണ് കാണാതായ മലയാളി. കപ്പലില്‍ ജോലിക്ക് കയറുന്നതിനായി ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. ബോട്ടിലുണ്ടായിരുന്ന മറ്റൊരു മലയാളി യുവാവ് രക്ഷപ്പെട്ടിട്ടുണ്ട്.
കാണാതായ ഇന്ദ്രജിത്തിന്റെ പിതാവ് സന്തോഷ് ഇന്ന് മൊസാംബിക്കില്‍ എത്തും. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ച് അവരുടെയാരോഗ്യനില വിലയിരുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.