ധാക്ക: ബംഗ്ലാദേശിനു സമീപം നാഫ് നദിയില്‍ റോഹിന്‍ഗ്യ അഭയാര്‍ത്ഥി ബോട്ട് മറിഞ്ഞ് 10 കുട്ടികളുള്‍പ്പടെ 12 പേര്‍ മരിച്ചു. അനേകം പേരെ കാണാതായി. ബോട്ടില്‍ കുട്ടികളടക്കം നൂറോളം പേര്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നു. മ്യാന്മറിലെ റാഖൈന്‍ സ്റ്റേറ്റില്‍ പട്ടാള അട്ടിച്ചമര്‍ത്തലിനെ തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ നിരവധി റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ ബോട്ടപകടത്തില്‍ മരിച്ചിട്ടുണ്ട്. സെപ്തംബര്‍ ആദ്യത്തില്‍ 60 പേരാണ് ബോട്ടപകടത്തില്‍ മരിച്ചത്.

മ്യാന്മര്‍ സേന അതിര്‍ത്തിയില്‍ കുഴിബോംബുകള്‍ വിതറിയതോടെ കരമാര്‍ഗമുള്ള പലായനം തടസപ്പെട്ടിരിക്കുകയാണ്. ഇതേതുടര്‍ന്നാണ് മത്സ്യബന്ധന ബോട്ടുകളില്‍ കയറി ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാന്‍ തുടങ്ങിയത്. അഭയാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ മരണപ്പെടുന്നതും ദുരിതമനുഭവിക്കുന്നതും കുട്ടികളാണെന്ന് സേവ് ദ ചില്‍ഡ്രന്‍ വക്താവ് ഇവാന്‍ ഷുര്‍മാന്‍ പറഞ്ഞു.