kerala

ഷാർജയിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ മൃതദേഹം സംസ്കരിച്ചു

By webdesk14

July 23, 2025

ഷാര്‍ജയില്‍ മകള്‍ക്കൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ മൃതദേഹം സംസ്‌കരിച്ചു. വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. സഹോദരന്‍ വിനോദ് മണിയന്‍ ചിതയ്ക്ക് തീ കൊളുത്തി. കേരളപുരത്തെ വീട്ടില്‍ പൊതുദര്‍ശനം നടന്നിരുന്നു.

അതേസമയം, വിപഞ്ചികയുടെ ശരീരത്തില്‍ ചതവുകളും അടിയേറ്റ പാടും ഉള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍. ഇന്‍ക്വസ്റ്റ് നടപടിയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഡിവൈഎസ്പി മുകേഷ് ജി.ബി പറഞ്ഞു. വിദേശത്തുള്ള പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.

പ്രതിക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്ന് വിപഞ്ചികയുടെ സഹോദരന്‍ വിനോദ് മണിയന്‍ പറഞ്ഞു. നിതീഷിനെ നാട്ടിലെത്തിച്ചു നിയമനടപടിക്ക് വിധേയനാക്കണം. അതിനായി സര്‍ക്കാരും കോണ്‍സിലേറ്റും ഇടപെടണം. മാനസിക പീഡനം ആണെങ്കിലും ആത്മഹത്യ ചെയ്തതിനാല്‍ ഷാര്‍ജയില്‍ നിയമ സാധുത ഇല്ല. പ്രശ്‌നങ്ങള്‍ താന്‍ തന്നെ തീര്‍ത്ത് കൊള്ളാം എന്ന് വിപഞ്ചിക പറഞ്ഞിരുന്നുവെന്നും ഒരു തവണ താന്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ വിപഞ്ചികയെ നാട്ടില്‍ എത്തിച്ചതായിരുന്നു. നിതീഷ് വീണ്ടും ഒരു അവസരം ആവശ്യപ്പെട്ടപ്പോള്‍ വിപഞ്ചിക കൂടെ പോവുകയായിരുന്നുവെന്നും സഹോദരന്‍ വിനോദ് കൂട്ടിച്ചേര്‍ത്തു.