കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തിലെ ബൂത്തില്‍ കള്ളവോട്ടു ചെയ്ത സി.പി.എം പഞ്ചായത്ത് അംഗമടക്കം മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. പിലാത്തറ പത്തൊമ്പതാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്ത പഞ്ചായത്ത് മെമ്പര്‍ സലീന, സുമയ്യ, പത്മിനി എന്നീ മൂന്നു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആള്‍മാറാട്ടം നടത്തിയതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

മൂവരും ചെയ്തത് കള്ളവോട്ടാണെന്ന് നേരത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. മൂവര്‍ക്കും പറയാനുള്ളതു കൂടി കേട്ട ശേഷമാണ് കേസെടുത്തിരിക്കുന്നത്. ചെയ്തത് ഓപ്പണ്‍ വോട്ടാണ് എന്ന ഇവരുടെ വാദം വിലപ്പോയില്ല. ബൂത്ത് മാറി കള്ള വോട്ടാണ് ചെയ്തതെന്ന് പ്രാഥമികാന്വേഷണത്തില്‍ തെളിയുകയായിരുന്നു.

കേസില്‍ കുടുങ്ങിയ സലീന സി.പി.എം പഞ്ചായത്ത് അംഗമാണ്. ഇവരെ അയോഗ്യയാക്കുമെന്ന് നേരത്തെ തെരഞ്ഞടുപ്പ് കമ്മീഷന്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. ഓപ്പണ്‍ വോട്ടാണ് ചെയ്തതെന്ന് സലീന പറഞ്ഞു നോക്കിയെങ്കിലും സലീന ബൂത്ത് മാറി കള്ളവോട്ട് ചെയ്തതാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. പഞ്ചായത്ത് അംഗം സെലീനയും മുന്‍ പഞ്ചായത്ത് അംഗം സുമയ്യയും പത്തൊന്‍പതാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാരല്ല. ഇവര്‍ രണ്ട് പേരും ബൂത്ത് മാറി വോട്ട് ചെയ്തു. പത്മിനി എന്ന സ്ത്രിയാകട്ടെ പത്തൊന്‍പതാം നമ്പര്‍ ബൂത്തില്‍ രണ്ട് തവണ വോട്ട് ചെയ്യാനെത്തിയെന്നും കമ്മീഷന്‍ കണ്ടെത്തിരുന്നു.