kerala

മുല്ലപ്പെരിയാര്‍ ഡാമിന് ബോംബ് ഭീഷണി; പൊലീസ് പരിശോധന ശക്തമാക്കി

By webdesk18

October 13, 2025

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ബോംബ് വച്ച് തകര്‍ക്കുമെന്ന ഭീഷണി സന്ദേശം ഇമെയില്‍ വഴി ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഏജന്‍സികള്‍ അണിനിരന്നു. തൃശൂര്‍ ജില്ലാ കലക്ടര്‍ക്കാണ് ഈ ഇമെയില്‍ ലഭിച്ചത്. തുടര്‍ന്ന് അദ്ദേഹം ഇടുക്കി ജില്ലാ കലക്ടറെ വിവരമറിയിക്കുകയും നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

സന്ദേശത്തില്‍ മുല്ലപ്പെരിയാര്‍ ഡാം ബോംബ് വച്ച് പൊട്ടിക്കുമെന്നായിരുന്നു ഭീഷണി. അതിനെ തുടര്‍ന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം, ബോംബ് സ്‌ക്വാഡ് എന്നിവരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി, എന്നാല്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. എങ്കിലും പ്രദേശത്ത് ശക്തമായ പരിശോധന തുടരുകയാണ്.

പ്രാഥമിക വിലയിരുത്തല്‍ പ്രകാരം ഇത് വ്യാജസന്ദേശമായിരിക്കാമെന്നു അധികൃതര്‍ സൂചിപ്പിച്ചു. എങ്കിലും സുരക്ഷയുടെ ഭാഗമായി നടപടികള്‍ തുടരുമെന്നാണ് അറിയിപ്പ്.

ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഇടുക്കി ജില്ലാ ഭരണകൂടം സംസ്ഥാന പൊലീസ് മേധാവിയെയും, വനംവകുപ്പ് മേധാവിയെയും, തമിഴ്‌നാട് ഡിജിപിയെയും, തേനി ജില്ലാ കലക്ടറെയും വിവരം അറിയിച്ചു.