News

ബോണ്ടി ബീച്ചിലെ വെടിവെപ്പ്; മരണം 12 ആയി

By webdesk18

December 14, 2025

ഓസ്ട്രേലിയയിലെ സിഡ്നി ബോണ്ടി ബീച്ചില്‍ ജൂതമത ചടങ്ങിനിടെയുണ്ടായ വെടിവെപ്പില്‍ മരണം 12 ആയി. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരടക്കം 29 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ രണ്ടുപേരില്‍ ഒരാളെ പൊലീസ് വെടിവെച്ച് കൊന്നതായും, രണ്ടാമത്തെ അക്രമിയെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു. അക്രമികള്‍ ഉപയോഗിച്ച കാറില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ അടക്കമുള്ള ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ സര്‍ക്കാര്‍ ഭീകരാക്രമണമെന്നായി പ്രഖ്യാപിച്ചു.

ഓസ്ട്രേലിയന്‍ സമയം വൈകിട്ട് 6.30ഓടെയാണ് ആക്രമണം നടന്നത്. ജൂതരുടെ ആഘോഷമായ ഹനൂക്കയോടനുബന്ധിച്ച ചാനൂക്ക ചടങ്ങിനായി നൂറുകണക്കിന് ആളുകള്‍ സിഡ്നിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബോണ്ടി ബീച്ചില്‍ ഒത്തുകൂടിയിരിക്കുകയായിരുന്നു. ഇതിനിടെയാണ് ആയുധങ്ങളുമായെത്തിയ അക്രമികള്‍ ജനക്കൂട്ടത്തിന് നേരെ വെടിവെപ്പ് നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.

ബോണ്ടിയില്‍ നടന്നത് അതീവ ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമായ സംഭവമാണെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് പറഞ്ഞു. ആഘോഷത്തിനിടെ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്ന കുടുംബങ്ങളുടെ വേദന സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. സിഡ്നിയിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള ആക്രമണമാണിതെന്ന് ന്യൂ സൗത്ത് വെയില്‍സ് പ്രവിശ്യാ മുഖ്യമന്ത്രി ക്രിസ് മിന്‍സും പ്രതികരിച്ചു.