കുവൈത്ത് സിറ്റി: വര്‍ധിച്ചുവരുന്ന ആഭ്യന്തര ആവശ്യകത കണക്കിലെടുത്ത് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി(കെ.എന്‍.പി.സി) ഗ്യാസ് ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഉമ്മുല്‍ ഐഷിലെയും ഷു ഐബയിലെയും ഗ്യാസ് പ്ലാന്റുകളുടെ ഉല്‍പാദനം നിലവിലെ 17 ദശലക്ഷം ഗ്യാസ് സിലിണ്ടറുകളില്‍ നിന്ന് 2026-2027 ഓടെ ഏകദേശം 18.3 ദശലക്ഷം സിലിണ്ടറുകളായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. വര്‍ധിച്ചുവരുന്ന ജനസംഖ്യ, പുതിയ റെസിഡന്‍ഷ്യല്‍ നഗരങ്ങളുടെ നിര്‍മ്മാണം, കൂവൈത്തിലേക്കുള്ള സന്ദര്‍ശകരുടെ വര്‍ധന എന്നിവയെ അടിസ്ഥാനമാക്കി ആവശ്യകത കുത്തനെ ഉയര്‍ന്നതായാണ് വിലയിരുത്തല്‍.പ്രാദേശിക വിപണിയുടെ ആവശ്യങ്ങള്‍ പൂര്‍ണമായി നിറവേറ്റാനാണ് കെ. എന്‍.പി.സി ഈ നീക്കം ആരംഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.