ബെലഗാവി: 54മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാ പ്രവര്‍ത്തനം വിഫലമായി, കുഴണ്‍കിണറില്‍ വീണ ആറു വയസ്സുകാരി കാവേരി യാത്രയായി. കര്‍ണ്ണാടകയിലെ ബെലഗാവിയിലാണ് കുഴല്‍ കിണറില്‍ വീണ കുട്ടി മരണത്തിന് കീഴടങ്ങിയത്.

ശനിയാഴ്ച്ച വൈകുന്നേരമാണ് വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന കാവേരി കുഴല്‍കിണറില്‍ വീഴുന്നത്. 30അടി താഴ്ച്ചയിലേക്ക് വീണ കുട്ടിയെ രക്ഷിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ കീഴില്‍ 54മണിക്കൂറും ശ്രമം നടത്തി. എന്നാല്‍ ഇന്നലെ രാത്രി 11.50ഓടെ പുറത്തെടുത്ത കാവേരിക്ക് ജീവനുണ്ടായിരുന്നില്ല. കുട്ടി മരിച്ചതായി രക്ഷാ പ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. മൃതദേഹം അത്താണി താലൂക്ക് ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കര്‍ഷകനായ ശങ്കര്‍ ഹിപ്പരാഗി എന്നയാളുടെ സ്ഥലത്തെ ഉപയോഗ ശൂന്യമായ കുഴല്‍കിണറിലാണ് കാവേരി വീണത്. 400അടി താഴ്ച്ചയുള്ള കുഴല്‍കിണര്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് ഉപേക്ഷിച്ചതാണ്. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലാണ്.