india

ഏഴു വയസുകാരന്‍ പട്ടിണി മൂലം മരിച്ചു; മൃതദേഹത്തോടൊപ്പം കഴിഞ്ഞ് അമ്മ

By chandrika

September 01, 2020

ചെന്നൈ: ചെന്നൈയില്‍ ഏഴു വയസുകാരന്‍ പട്ടിണി മൂലം മരിച്ചു. മറ്റുള്ളവരോട് സഹായം അഭ്യര്‍ഥിക്കാനുള്ള അമ്മയുടെ പ്രയാസമാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്. ചെന്നൈ തിരുനിന്ദ്രവുര്‍ സ്വദേശിയായ സാമുവല്‍ എന്ന കുട്ടിയാണ് പട്ടിണി കിടന്ന് മരിച്ചത്.

ഭക്ഷണമില്ലാതിരുന്നിട്ട് കൂടി കുട്ടിയുടെ അമ്മ സരസ്വതി ആരെയും അറിയിച്ചിരുന്നില്ല. വര്‍ഷങ്ങളായി ഭര്‍ത്താവുമായി അകന്നു കഴിയുന്ന ഇവര്‍ മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ദിവസങ്ങളോളം വിശന്നിരുന്ന് കുഞ്ഞ് സാമുവല്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

മകന്‍ മരിച്ച ശേഷവും സരസ്വതി വിവരം പുറത്തറിയിച്ചിരുന്നില്ല. മൂന്നു ദിവസത്തോളം മൃതദേഹത്തൊടൊപ്പം കഴിഞ്ഞ അവര്‍ പ്രാണികള്‍ കയറാതിരിക്കുുന്നതിനായി സാമുവലിന്റെ മൃതദേഹം തുടച്ചുവൃത്തിയാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്നു അയല്‍ക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസിന് കാണാനായത് അഴുകിത്തുടങ്ങിയ ഒരു കുഞ്ഞു ശരീരവും അതിനരികില്‍ കരഞ്ഞു തളര്‍ന്നിരിക്കുന്ന ഒരു അമ്മയെയുമായിരുന്നു. ഇതോടെയാണ് ഹൃദയം നുറുക്കുന്ന ദാരുണ കഥ പുറംലോകമറിയുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി സരസ്വതി മകനൊപ്പം വീടിനുള്ളില്‍ തന്നെ കഴിയുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അപൂര്‍വമായി മാത്രമേ പുറത്തിറങ്ങാറുള്ളായിരുന്നു. ‘ഹോമിയോപ്പതി ചികിത്സ നടത്തിവരികയായിരുന്ന ഇവര്‍ക്ക് കാര്യമായ സമ്പാദ്യം ഒന്നും ഉണ്ടായിരുന്നില്ല. ലോക്ക് ഡൗണ്‍ അവരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കി. മകനെ നോക്കാനുള്ള പണം പോലും അവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. പൊലീസ് പറയുന്നു. സരസ്വതിക്ക് വിദഗ്ധരുടെ സഹായത്തോടെ കൗണ്‍സിലിംഗ് നല്‍കാനാണ് നിലവില്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.