ന്യൂഡല്‍ഹി: പ്രണയബന്ധം അവസാനിച്ചതെന്ന കാര്യം മാത്രം ഒരാളെ ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്ന കാരണമായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മുന്‍ കാമുകി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിര്‍ണായക പരാമര്‍ശം. ജസ്റ്റിസ് മനോജ് ജെയിന്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2025 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എട്ട് വര്‍ഷത്തോളം നീണ്ട പ്രണയബന്ധത്തിന് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവരായതിനാല്‍ കുടുംബങ്ങളുടെ എതിര്‍പ്പാണ് പിരിയാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് യുവാവ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ഈ വിവാഹത്തിന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് മുന്‍ കാമുകിയായ യുവതി ആത്മഹത്യ ചെയ്തത്.
സംഭവത്തിന് പിന്നാലെ യുവതിയുടെ പിതാവ് യുവാവിനെതിരെ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തു. എന്നാല്‍ യുവതി ആത്മഹത്യ ചെയ്തതിന്റെ പിന്നിലെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് വ്യക്തമല്ലെന്നും ആത്മഹത്യാക്കുറിപ്പ് പോലും കണ്ടെത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. എട്ട് വര്‍ഷത്തെ ബന്ധത്തിനിടെ യുവാവിനെതിരെ യുവതിയുടെ ഭാഗത്ത് നിന്ന് ഒരു പരാതിയും ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
യുവതിയുടെ ഡയറിയില്‍ പോലും യുവാവിനെ വിവാഹം ചെയ്യണമെന്ന ആഗ്രഹം മാത്രമാണ് രേഖപ്പെടുത്തിയിരുന്നതെന്ന് കോടതി പറഞ്ഞു. യുവാവ് മറ്റൊരു യുവതിയെ വിവാഹം ചെയ്തത് സഹിക്കാനാകാതെ യുവതി ആത്മഹത്യ ചെയ്തിരിക്കാമെന്ന സുഹൃത്തുക്കളുടെ മൊഴിയും കോടതി മുഖവിലയ്ക്കെടുത്തു.
അതേസമയം, ഇരുവരും പരസ്പര ആശയവിനിമയം അവസാനിപ്പിച്ച തീയതിയും ആത്മഹത്യ നടന്ന തീയതിയും തമ്മില്‍ ദിവസങ്ങളുടെ അന്തരം ഉണ്ടെന്നും കോടതി ശ്രദ്ധയില്‍പ്പെടുത്തി. ഈ എല്ലാ സാഹചര്യങ്ങളും പരിഗണിച്ച ശേഷമാണ് യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.