ലക്‌നൗ: വധുവിന്റെ അമിതമായ വാട്‌സ് അപ്പ് ഉപയോഗം കാരണം വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി. ഉത്തര്‍പ്രദേശിലാണ് സംഭവം. യുവതി വാട്‌സ്അപ്പ് ചാറ്റിങ്ങില്‍ അധികസമയം ചെലവിടുന്നത് മൂലമാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതെന്നാണ് വിവരം.

ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലാണ് സംഭവം. ബുധനാഴ്ച്ചയാണ് വിവാഹം നടക്കേണ്ടത്. ദിവസങ്ങള്‍ അടുത്തിരിക്കെ വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് വരന്റെ വീട്ടില്‍ നിന്ന് വിളിച്ചറിയിക്കുകയായിരുന്നു. വധു കൂടുതല്‍ സമയം വാട്‌സ് അപ്പ് ഉപയോഗിക്കുകയാണെന്നും അതിനാല്‍ വിവാഹത്തില്‍ നിന്നൊഴിയുകയാണെന്നും വരന്റെ ബന്ധുക്കള്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. എന്നാല്‍ വലിയൊരു തുക വരന്റെ ആളുകള്‍ സ്ത്രീധനമായി ആവശ്യപ്പെട്ടെന്നും ഇതിനാലാണ് വിവാഹം മുടങ്ങിയതെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.

65 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടതെന്ന് വധുവിന്റെ അച്ഛന്‍ ഉറോജ് മെഹന്ദി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വിവാഹത്തിനായി നിരവധി പേര്‍ എത്തിയതിനുശേഷമാണ് വരന്റെ അച്ഛന്‍ വിവാഹത്തില്‍ നിന്ന് ഒഴിയുകയാണെന്ന് മാത്രം ഫോണില്‍ പറഞ്ഞുവെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ വാട്‌സ്അപ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് തങ്ങള്‍ക്കിഷ്ടമല്ലെന്ന് വരന്റെ വീട്ടുകാര്‍ പൊലീസില്‍ പറഞ്ഞു.