Sports

ബ്രിസ്‌ബേന്‍ ടെസ്റ്റ്: ആഷസില്‍ ഇംഗ്ലണ്ടിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി; ഓസീസ് 10 വിക്കറ്റിന് മുന്നിലെത്തി

By webdesk18

December 07, 2025

ബ്രിസ്‌ബേന്‍: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ട് നിരാശാജനകമായി കനത്ത തോല്‍വിയിലേക്ക്. ഒന്നര ദിവസവും പത്തു വിക്കറ്റും ബാക്കിയിരിക്കെ വെറും 65 റണ്‍സിന്റെ ലഘുലക്ഷ്യം പിന്തുടര്‍ന്ന ആസ്ട്രേലിയ എളുപ്പത്തില്‍ വിജയിച്ചു. ഇതോടെ പരമ്പരയില്‍ ഇംഗ്ലണ്ട് 0-2 ന് പിന്നിലെത്തി.

ദിവസം നാലില്‍ ഇംഗ്ലണ്ട് 6 വിക്കറ്റിന് 134 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ചെങ്കിലും, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും വില്‍ ജാക്‌സും ഒഴികെ മറ്റാര്‍ക്കും പ്രസക്തമായ പ്രതിരോധം കാഴ്ചവെക്കാനായില്ല. സ്റ്റോക്‌സ് 152 പന്തില്‍ 50 റണ്‍സെടുക്കുമ്പോള്‍, ജാക്‌സ് 41 റണ്‍സ് നേടി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് 241 റണ്‍സില്‍ ഒതുങ്ങി.

ഓസീസ് ബൗളര്‍ മൈക്കല്‍ നേസര്‍ 5 വിക്കറ്റ് നേടി ഇംഗ്ലീഷ് ബാറ്റിംഗ് നിര തകര്‍ത്തു. നാലാം ദിനം ഗസ് അറ്റ്കിന്‍സ് (3), ബ്രൈഡന്‍ കാഴ്‌സ് (7) എന്നിവര്‍ വേഗത്തില്‍ പുറത്തായതിനാല്‍ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് നിലനില്‍പ്പ് നഷ്ടപ്പെട്ടു. ജൊഫ്ര ആര്‍ച്ചര്‍ 5 റണ്‍സുമായി പുറത്താകാതെ നിന്നു.

മുന്‍ ദിനം 6 വിക്കറ്റിന് 378 എന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന ഓസ്ട്രേലിയ 511 റണ്‍സില്‍ സമാപിച്ചു. മിച്ചല്‍ സ്റ്റാര്‍ക്ക് 77 റണ്‍സോടെ ഓസീസ് ബാറ്റിംഗ് നിരക്ക് മേല്‍ക്കൈ നല്‍കി. ജേക്ക് വെതര്‍ലാന്‍ഡ് (72), മാര്‍നസ് ലബൂഷെയ്ന്‍ (65), സ്റ്റീവന്‍ സ്മിത്ത് (61), അലക്‌സ് ക്യാരി (63) എന്നിവരും മികച്ച ഇന്നിംഗ്‌സ് സമ്മാനിച്ചു. സ്‌കോട്ട് ബോളണ്ട് 21 റണ്‍സുമായി പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡന്‍ കാഴ്‌സ് 4 വിക്കറ്റും ബെന്‍ സ്റ്റോക്‌സ് 3 വിക്കറ്റും നേടി. മുന്‍പ് ഇംഗ്ലണ്ട് 334 റണ്‍സില്‍ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചിരുന്നു.

ആദ്യ ടെസ്റ്റിലും ജയിച്ച ഓസ്ട്രേലിയ, ആഷസ് കിരീടത്തിലേക്ക് മറ്റൊരു ചുവടുവെപ്പ് ഉറപ്പിച്ചു.