india

ഡല്‍ഹിയില്‍ ബ്രിട്ടീഷ് വനിത കൂട്ടബലാത്സംഗത്തിനിരയായി; ഇന്‍സ്റ്റഗ്രാം സുഹൃത്തുള്‍പ്പടെ 2 പേര്‍ പിടിയില്‍

By webdesk18

March 13, 2025

ഡല്‍ഹിയില്‍ ബ്രിട്ടീഷ് വനിത കൂട്ടബലാത്സംഗത്തിനിരയായി. ഡല്‍ഹി മഹിപാല്‍പുരിയിലെ ഹോട്ടലിലാണ് സംഭവം. വിദേശ വനിതയുടെ പരാതിയില്‍ രണ്ടു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൈലാഷ്,വസിം എന്നിവരാണ് അറസ്റ്റിലായത് .

സോഷ്യല്‍ മീഡിയ വഴി യുവാവുമായി സൗഹൃദത്തിലായ സ്ത്രീ ഇയാളെ കാണാന്‍ യുകെയില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയിരുന്നു. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷനും നല്‍കിയിട്ടുണ്ട്,’ പൊലീസ് പറഞ്ഞു. കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാറിലെ വസുന്ധരയില്‍ താമസിക്കുന്ന കൈലാഷ് റീലുകളിലൂടെയും മറ്റും ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ബ്രിട്ടീഷ് വനിതയുമായി പരിചയത്തിലാകുന്നത്. മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് തന്നെ കാണാന്‍ യുവതി കൈലാഷിനെ ക്ഷണിക്കുന്നത്. എന്നാല്‍ യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്നും ഡല്‍ഹിയിലേക്ക് വരാനും കൈലാഷ് യുവതിയോട് ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച വൈകിട്ട് യുവതി ഡല്‍ഹിയിലെത്തുകയും മഹിപാല്‍പൂരിലെ ഒരു ഹോട്ടലില്‍ മുറിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് കൈലാഷ് സുഹൃത്ത് വസീമിനൊപ്പം ഹോട്ടലിലെത്തുകയായിരുന്നു. മൂവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും അത്താഴം കഴിക്കുകയും ചെയ്തതിന് ശേഷമാണ് പീഡനം നടന്നത്. കൈലാഷ് ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങിയപ്പോള്‍ യുവതി എതിര്‍ക്കുകയും ഇതോടെ വസീമിനെ മുറിയിലേക്ക് വിളിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് യുവതിയെ പീഡനത്തിന് ഇരയാക്കി.

ഇന്ന് രാവിലെ വസന്ത്കുഞ്ച് പൊലീസ് സ്റ്റേഷനില്‍ എത്തി യുവതി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ഡല്‍ഹി പൊലീസ് നടത്തുന്നുണ്ട്. കൂടാതെ, ബ്രിട്ടീഷ് വനിത ബലാത്സംഗത്തിനിരയായ വിവരം ബ്രിട്ടീഷ് ഹൈക്കമീഷന് കൈമാറിയിട്ടുണ്ട്.