india

തമിഴ്നാട്ടില്‍ നടുറോഡില്‍ ക്രൂരമര്‍ദനം; രണ്ടുപേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ ഗുരുതരാവസ്ഥയില്‍

By sreenitha

January 17, 2026

തമിഴ്നാട്ടില്‍ രണ്ടുപേരെ നടുറോഡില്‍ അടിച്ചുകൊന്ന സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. തിരുവള്ളൂര്‍ ജില്ലയിലെ ഒണ്ടിക്കുപ്പത്താണ് ആക്രമണം നടന്നത്. ഒണ്ടിക്കുപ്പം സ്വദേശികളായ പാര്‍ഥിപന്‍, സുകുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ കേശവമൂര്‍ത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അമിതവേഗത്തില്‍ ബൈക്ക് ഓടിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളായ മൂന്ന് യുവാക്കള്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉണ്ടായത്. ഇതിനെത്തുടര്‍ന്ന് നടുറോഡില്‍ കല്ലും വടിയും ഉപയോഗിച്ച് അതിക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ ജവഹര്‍, വിനോദ്കുമാര്‍, ജ്യോതിഷ്, നീലകണ്ഠന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബൈക്ക് അമിതവേഗത്തില്‍ ഓടിച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.