നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ പ്രചരണായുധം എന്തായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് മുതിര്‍ന്ന നേതാവ് എ.കെ ബാലന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന. മതേതര കേരളത്തെ മുഴുവന്‍ അപഹസിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള വര്‍ഗീയതയുടെ ഈ കാളകൂട വിഷം തളിക്കല്‍ എ.കെ ബാലന്റെ വൈകാരിക പ്രകടനമായി തള്ളിക്കളയാനാവില്ലെന്നതിന് വര്‍ത്തമാനകേരളത്തില്‍ സി.പി.എം സ്വീകരിച്ചുവരുന്ന സമീപനങ്ങള്‍ തന്നെയാണ് സാക്ഷി.
തദ്ദേശ തിരഞ്ഞെടുപ്പിലേറ്റമാരകമായ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ഇനിയുള്ള ഏക പോംവഴി ധ്രുവീകരണ രാഷ്ട്രീയം മാത്രമാണെന്ന് തീരുമാനിച്ചുറപ്പിച്ചാണ് സി.പി.എം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. അധികാരത്തിനുവേണ്ടി വര്‍ഗീയതയെ തരാതരംപോലെ കൂട്ടുപിടിക്കാറുള്ള സി.പി.എം ഇപ്പോള്‍ അതിന്റെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള കരുനീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സംഘ്പരിവാര്‍ ശക്തികളെപോലും നാണിപ്പിക്കുന്ന രീതിയില്‍ ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണം സൃഷ്ടിച്ച് അധികാരത്തിലേക്ക് വിഭാഗീയതകൊണ്ട് പാലം തീര്‍ക്കാനുള്ള ശ്രമം നടത്തുമ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ നല്‍കിയതിനേക്കാള്‍ കനത്തപ്രഹരമായിരിക്കും കേരള ജനത സമ്മാനിക്കുകയെന്നതിന്റെ തെളിവാണ് എ.കെ ബാലന്റെ പ്രസ്താവനക്കെതിരെ മതേതരകേരളം ഒന്നടങ്കം രേഖപ്പെടുത്തിയിട്ടുള്ള അമര്‍ഷം.
തിരഞ്ഞെടുപ്പ് വിജയത്തിനും അധികാരത്തുടര്‍ച്ചക്കും ധ്രുവീകരണ രാഷ്ട്രീയത്തെ കൂട്ടുപിടിക്കുന്ന സി.പി.എം സമീപനം ഇന്നോ ഇന്നലെയോ തുടങ്ങിവെച്ചതല്ല. ഒന്നും രണ്ടും പിണറായി സര്‍ക്കാറുകളുടെ കാലത്ത് നടന്നിട്ടു ള്ളമുഴുവന്‍ തിരഞ്ഞെടുപ്പുകളിലും ഈ ഫോര്‍മുല തന്നെയാണ് അവര്‍ പയറ്റിയിട്ടുള്ളത്. ജനങ്ങളെ വര്‍ഗീകരിക്കാന്‍ ശ്രമിച്ചും ബി.ജെ.പിയുമായി പ്രത്യക്ഷവും പരോക്ഷവുമായി കൂട്ടുകെട്ടുകളുണ്ടാക്കിയുമാണ് ഈ നീക്കങ്ങള്‍ക്ക് അവര്‍ ചുക്കാന്‍ പിടിക്കുന്നത്.
രണ്ടാം പിണറായി സര്‍ക്കാറിന്റെ അധികാരാരോഹണത്തിന് ബി.ജെ.പി ബാന്ധവത്തെയാണ് കൂട്ടുപിടിച്ചിരുന്നതെങ്കില്‍ ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ ധ്രുവീകരണമെന്ന തന്ത്രമാണ് പയറ്റാന്‍ ശ്രമിച്ചത്. ന്യൂനപക്ഷ മേഖലകളില്‍ കാടടച്ചുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ മറുഭാഗത്ത് സംസ്ഥാനത്തെ ബി.ജെ.പിക്ക് ലോകസഭയിലേക്ക് അക്കൗണ്ട് തുറക്കാനുള്ള വഴിയൊരുക്കാനും പിണറായിക്കും കൂട്ടര്‍ക്കും ഒട്ടു മടിയുണ്ടായിരുന്നില്ല.
തൃശൂര്‍പൂരം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചനക്ക് വഴിയൊരുക്കിയായിരുന്നു സംഘപരിവാരത്തിനുള്ള ഈ മഹാദാനം ഇടതുസര്‍ക്കാറിന്റെ വകയായുണ്ടായത്. എന്നാല്‍ വേട്ടക്കാരനൊപ്പം നില്‍ക്കുകയും ഇരക്കൊപ്പം ഓടുകയും ചെയ്യുന്ന ഈ കപട രാഷ്ട്രീയത്തെ മതേതര കേരളം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിച്ചപ്പോള്‍ തങ്ങളുടെ തന്ത്രങ്ങള്‍ അടപടലം പാളുന്നതിനാണ് അവര്‍ക്ക് സാക്ഷ്യംവഹിക്കേണ്ടിവന്നത്.
തിരിച്ചടിയില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനോ തിരുത്താനോ തയാറാകാതിരുന്ന ഇടതുസര്‍ക്കാര്‍ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുഖത്തുവെച്ചും ഇതേ സമീപനം തന്നെയായിരുന്നു സ്വീകരിച്ചിരുന്നത്. യാഥാര്‍ത്ഥ്യങ്ങളോട് പുലബന്ധംപോലുമില്ലാത്ത ജന്മസിദ്ധ പഴമ്പുരാണങ്ങളുമായി വിദ്വേഷ പ്രചരണങ്ങളുമായി ഇറങ്ങിത്തിരിച്ചവരെ അടക്കിനിര്‍ത്തുന്നതിനു പകരം അവര്‍ക്ക് സര്‍വാത്മനാ പിന്തുണ നല്‍കുകയും അവരുടെ വാഹകരായി മാറു കയുമാണ് സര്‍ക്കാര്‍ ചെയ്തത്.
സ്വന്തം ഘടക കക്ഷികളുടെ എതിര്‍പ്പിനെ പോലും തൃണവല്‍ക്കരിച്ചുകൊണ്ടുള്ള ഈ നീക്കങ്ങള്‍ക്കു പിന്നില്‍ തിരഞ്ഞെടുപ്പ് നേട്ടംമാത്രമായിരുന്നു ലക്ഷ്യമെങ്കില്‍, ചരിത്രത്തിലില്ലാത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് കേരളം ആ നീക്കങ്ങളെ ചെറുത്തുതോല്‍പ്പിച്ചത്. അധികാരത്തുടര്‍ച്ചയുടെ അഹങ്കാര ത്തില്‍ ധിക്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും പര്യായമായി മാറിയ ഈ സര്‍ക്കാറിന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഗോദയിലും വികസനവും രാഷ്ട്രീയവും ഒരു കാരണവശാലും ചര്‍ച്ചയാകരുതെന്ന നിര്‍ബന്ധബുദ്ധിയുണ്ട്. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും, പിടിപ്പുകേടിന്റെയുമെല്ലാം വിഴുപ്പുഭാണ്ഡവും പേറിനില്‍ക്കുന്ന പിണറായിക്കും കൂട്ടര്‍ക്കും അതിനേക്കാളെല്ലാം വലിയ നാണക്കേടായിത്തീര്‍ന്നിരിക്കുകയാണ് ശബരിമല സ്വര്‍ ണക്കൊള്ള കേസ്.
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്തുനടന്ന അതിഗുരുതരമായ സ്വര്‍ണക്കടത്ത് കേസ് കേന്ദ്ര സര്‍ക്കാറുമായുള്ള ഒത്തുകളിയിലൂടെ മറികടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, ഹൈക്കോടതി മാത്രമല്ല, ഏറ്റവുമൊടുവില്‍ സുപ്രീംകോടതിപോലും ജാഗ്രതയോടെ നിലയുറപ്പിച്ച ശബരിമല ശാസ്താവിന്റെ സ്വത്ത് കൊള്ളയടിച്ച കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പഠിച്ചപണി പതിനെട്ടുപയറ്റിയിട്ടും കഴിയാത്ത സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിലാണ് കേരളം തൂത്തെറിഞ്ഞ വര്‍ഗീയതയുടെ വിഴുപ്പുഭാണ്ഡവുമായി സി.പി.എം വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്.