മുസ്‌ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് യുപി സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരം നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ 225 മദ്രസകള്‍, 30 പള്ളികള്‍, 25 മഖ്ബറകള്‍, 6 ഈദ്ഗാഹുകള്‍ എന്നിവ പൊളിച്ചുനീക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഏഴ് അതിര്‍ത്തി ജില്ലകളിലാണ് ഈ നടപടികള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ബല്‌റാംപൂര്‍, മഹാരാജ്ഗഞ്ച്, ലഖിംപൂര്‍ ഖേരി, ശ്രാവസ്തി, ബഹ്‌റൈച്, സിദ്ധാര്‍ത്ഥനഗര്‍, പിലിഭിത് തുടങ്ങിയാണ് അവ. ഇതില്‍ ശ്രാവസ്തിയില്‍ മാത്രം 104 മദ്രസകളും ഒരു പള്ളിയും അഞ്ച് മഖ്ബറയും രണ്ട് ഈദ്ഗാഹുകളും പൊളിച്ചുമാറ്റി.
അതിര്‍ത്തി പ്രദേശങ്ങളില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഭൂനിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഈ പ്രദേശങ്ങളിലെ സുരക്ഷാ അപകടസാധ്യതകള്‍ തടയുന്നതിനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് പൊളിക്കല്‍ നടപടികളെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അതിര്‍ത്തിയില്‍ 1015 കിലോമീറ്റര്‍ വ്യാപ്തിയില്‍ സമാനമായ പരിശോധനകള്‍ തുടരുമെന്നും അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ ‘സീറോ ടോളറന്‍സ്’ നയം തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.