പ്രക്ഷോഭങ്ങളുടെ കൊടുങ്കാറ്റിനു പിന്നാലെ പ്രതിഷേധങ്ങളുടെ അഗ്‌നിജ്വാലയിലേക്ക് എടുത്തെറിയപ്പെടുകയാണ് അയല്‍ രാജ്യമായ ബംഗ്ലാദേശ്. ഷെയ്ഖ് ഹസീന ഗവണ്‍മെന്റിനെ സ്ഥാനഭ്രഷ്ടമാക്കിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനു പിന്നാലെ, പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്ന വിദ്യാര്‍ത്ഥി നേതാവ് ശരീഫ് ഉസ്മാന്‍ ഹാദിയുടെ കൊലപാതകമാണ് ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കുള്ള ഹേതു. ഈമാസം 12 നാണ് ധാക്കയിലെ ബിജോയ് നഗറിലൂടെ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന ഹാദിക്ക് നേരെ ബൈക്കിലെത്തിയ മുഖംമൂടിധാരികള്‍ വെടിയുതിര്‍ത്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹാദിയെ ആദ്യം ധാക്ക മെഡിക്കല്‍ കോളജിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂര്‍ ജനറല്‍ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.
2026 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ധാക്ക മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനിരിക്കെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഇതിനിടെ മറ്റൊരു വിദ്യാര്‍ത്ഥി നേതാവായ മുത്വലിബ് ഷിക്ദറിന് നേരെയും വെടിവെപ്പുണ്ടായിരിക്കുകയാണ്. ഇന്നലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ഖുല്‍നയില്‍ വെച്ചാണ് ആക്രമണം നടന്നത്. തലയ്ക്ക് വെടിയേറ്റ അദ്ദേഹത്തെ ഗുരുതരാവസ്ഥയില്‍ ഖുല്‍ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
2024 ലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ പ്രധാന സംഘാടകരില്‍ ഒരാളായിരുന്നു മുത്വലിബ് ഷിക്ദര്‍. ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നെന്ന സംശയവും ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നല്‍കുന്നതിലെ അമര്‍ഷവുമാണ് പ്രക്ഷോഭകാരികളെ നയിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ച മുതല്‍ ധാക്ക, രാജ്ഷാഹി, ചിറ്റഗോങ് എന്നിവിടങ്ങളില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. ചിറ്റഗോങ്ങിലെ ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷന് നേരെ ആക്രമണമുണ്ടായി. പ്രമുഖ മാധ്യമങ്ങളായ പ്രോതോം അലോ, ഡെയ്‌ലി സ്റ്റാര്‍ എന്നിവയുടെ ഓഫീസുകള്‍ക്ക് പ്രക്ഷോഭകര്‍ തീവെക്കുകയും ചെയ്തു.
കലാ ഉസ്മാന്‍ ഹാദിക്ക് യുവാക്കള്‍ക്കിടയിലുള്ള സ്വാധീനം പൂര്‍ണമായി ബോധ്യമുള്ള മുഹമ്മദ് യൂനുസ് ഭരണകൂടം ജെന്‍സിയെ അടക്കിനിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിനോക്കിയെങ്കിലും അതൊന്നും ഫലംകണ്ടിട്ടില്ലെന്ന സൂചനയാണ് നിലവിലെ സാഹചര്യം നല്‍കുന്നത്. ബംഗ്ലാദേശിന്റെ ദേശീയ കവി ഖാസി നസ്റുല്‍ ഇസ്ലാമിന്റെ ഖബറിനോട് ചേര്‍ന്ന് ഹാദിക്ക് ഖബറിടം ഒരുക്കുകയും പാര്‍ലമെന്റ് മന്ദിരത്തിന് സമീപം നടന്ന ജനാസനമസ്‌കാരത്തിന് ഇടക്കാല സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യൂനുസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ നേതൃത്വം നല്‍കുകയും ചെയ്യുക മാത്രമല്ല, പ്രധാനമന്ത്രി വികാര ഭരിതനായി രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു.
‘ഹാദി, നിങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്. ഈ രാജ്യം നിലനില്‍ക്കുന്നിടത്തോളം ഓരോ ബംഗ്ലാദേശിയുടെയും ഉള്ളില്‍ നിങ്ങള്‍ ജീവിക്കും’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. എന്നാല്‍ ഇതൊന്നും തങ്ങളുടെ പ്രിയ നേതാവിന്റെ ജീവന് പകരമാ കില്ലെന്ന് പ്രഖ്യാപിച്ച് യുവത്വം തെരുവില്‍ നിലയുറപ്പിക്കു മ്പോള്‍ ബംഗ്ലാ മണ്ണിന്റെ ഭാവി എന്തെന്ന പ്രവചനംപോലും അസ്ഥാനത്തായിത്തീരുകയാണ്. അതിനിടെ മതനിന്ദ ആ രോപിച്ച് ഹിന്ദു യുവാവിനെ കലാപകാരികള്‍ തല്ലിക്കൊ ന്ന് തീയിട്ട സംഭവം വരെ അരങ്ങേറുകയുണ്ടായി.
ഇത്തരം അക്രമങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ഈ ക്രൂരമായ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട ആരെയും വെറുതെ വിടില്ലെന്നും ഇടക്കാല സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ സര്‍ക്കാറിന്റെ കൈയ്യില്‍ നില്‍ക്കുമെന്ന ഒരു പ്രതീക്ഷയും നിലിവിലില്ല. ഇന്ത്യാ വിരുദ്ധ ശക്തികളാണ് പത്തിനു പിന്നിലെന്നും ആസൂത്രിതവും സംഘടിതവുമാ യ ആക്രമണങ്ങളാണ് നടക്കുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവരുന്നുണ്ട്.
അടുത്തവര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് അ ട്ടിമറിക്കാനുള്ള ഇടക്കാല ടക്കാല സര്‍ക്കാറിന്റ് നീക്കമായും കലാ പം ചിത്രീകരിക്കപ്പെടുന്നുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഒരേ സമയം അക്രമ സംഭവങ്ങളും തീവെപ്പും അരങ്ങേറിയതും സംഘടിതവും ആസൂത്രിതവുമായ കലാപമാണ് അരങ്ങേറുന്നതെന്നുമുള്ള ആരോപണവും ഈ സംശയങ്ങള്‍ക്കെല്ലാം അടിവരയിടുകയാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം കലാപത്തെ ഏറെ ജാഗ്രതയോടെ നോക്കിക്കാണേണ്ടതിന്റെ സൂചനയാണ് ബംഗ്ലാദേശ് നല്‍കുന്നത്. ഷെയ്ഖ് ഹസീനക്ക് രാഷ്ട്രീയ അഭയം നല്‍കിയതിനെ തുടര്‍ന്ന് ഇടക്കാല സര്‍ക്കാറും പ്രക്ഷോഭകാരികളും ഒരുപോലെ രാജ്യത്തെ ശത്രുപക്ഷത്ത് നിര്‍ത്തിയിരിക്കുകയാണ്. ദുരിത പര്‍വങ്ങള്‍ പേറേണ്ടി വന്ന കിഴക്കന്‍ പാകിസ്താനെ ഒരു സ്വതന്ത്ര രാഷ്ട്രമാകുന്നതിനും ആ രാജ്യത്തിന്റെ അസ്ഥിത്വവും വ്യക്തിത്വവും സംരക്ഷിക്കുന്നതില്‍ നിര്‍ണായകമായ ഇടപെടല്‍ നടത്തുകയും ചെയ്ത ചരിത്രമാണ് ഇന്ത്യക്കുള്ളത്.
എന്നാല്‍ ആതേ ഇന്ത്യക്ക് നേരെ തന്നെ ബംഗ്ലാദേശ് ഒന്നടങ്കം തിരിയുന്ന അവസ്ഥാ വിശേഷം രാജ്യത്തിന്റെ നയതന്ത്ര രംഗത്തിനു നേരെയുള്ള വിരല്‍ ചൂണ്ടലായി മാറുകയുമാണ്. ഇന്ത്യ സ്വീകരിക്കുന്ന നിലപാടിന്റെ പേരുപറഞ്ഞ് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നുവെന്ന സാഹചര്യവും അതീവ ഗൗരവതരമാണ്. അയല്‍ക്കാരെ ഒന്നൊന്നായി ശത്രുപക്ഷത്ത് നിര്‍ത്തുകയും ബദ്ധവൈരികളായ അവര്‍ പുതിയൊരു അച്ചുതണ്ടായി രൂപപ്പെടുകയും ചെയ്യുമ്പോള്‍ വലിയ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന നയതന്ത്ര പരാജയമായി അത് മാറുകയാണെന്നത് കാണാതിരിക്കാന്‍ നിര്‍വാഹമില്ല.