News

അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

By webdesk18

December 11, 2025

കൊല്ലം: ശബരിമല തീര്‍ത്ഥടനം കഴിഞ്ഞു മടങ്ങിയ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോറിക്ഷ ഡ്രൈവറും ഓട്ടോയിലെ യാത്രക്കാരായിരുന്ന രണ്ട് പെണ്‍കുട്ടികളും മരിച്ചു.ശബരിമല ദര്‍ശനം കഴിഞ്ഞ് പുനലൂരില്‍ നിന്നും അഞ്ചലിലേക്ക് വരുകയായിരുന്ന ആന്ധ്രപ്രദേശിലെ അയ്യപ്പന്മാര്‍ സഞ്ചരിച്ചിരുന്ന ബസും അഞ്ചല്‍ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്.

കരവാളൂര്‍ നീലമ്മാള്‍ പള്ളിവടക്കതില്‍ വീട്ടില്‍ ശ്രുതി ലക്ഷ്മി (16), തഴമേല്‍ ചൂരക്കുളം ജയജ്യോതി ഭവനില്‍ ജ്യോതിലക്ഷ്മി(21), ഓട്ടോ ഡ്രൈവര്‍ തഴമേല്‍ ചൂരക്കുളം അക്ഷയ് ഭവനില്‍ അക്ഷയ് (23) എന്നിവരാണ് മരിച്ചത്. ശ്രുതി ലക്ഷ്മി കരവാളൂര്‍ എഎംഎംഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും, ജ്യോതിലക്ഷ്മി ബാംഗ്ലൂരില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനിയുമാണ്. അഞ്ചല്‍ പുനലൂര്‍ പാതയില്‍ മാവിളയിലായിരുന്നു അപകടം. രാത്രി ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്.

ജ്യാതിലക്ഷ്മിയും ശ്രുതി ലക്ഷ്മിയും ബന്ധുക്കളാണ്. ചൂരക്കുളത്തെ ജ്യോതിലക്ഷ്മിയുടെ വീട്ടില്‍ നിന്നും കരവാളൂരിലെ ശ്രുതിലക്ഷ്മിയുടെ വീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ പോവുകയായിരുന്നു. അക്ഷയ് അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ശ്രുതിലക്ഷ്മിയെയും ജ്യോതി ലക്ഷ്മിയെയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷമാണ് മരിച്ചത്. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.