കമാല്‍ വരദൂര്‍
ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെ അനുഭവപ്പെട്ട തിരക്കാണ് ഖത്തറിന്റെ ഫുട്ബാള്‍ ആവേശത്തിനുള്ള തെളിവ്. ഒമ്പത് ടീമുകളാണ് ഇന്നലെ ആതിഥേയ രാജ്യത്ത് എത്തിയത്. ദുബായ്, റിയാദ് എന്നിവിടങ്ങളില്‍ നിന്നായി എഴുപതിലധികം ഷട്ടില്‍ സര്‍വിസുകളും. ഫിഫാ ലോകകപ്പിന് ഇനി ശേഷിക്കുന്നത് മൂന്ന് നാള്‍ മാത്രം.
ടീമുകള്‍ പരിശീലനത്തില്‍ സജീവമാണ്. കര്‍ക്കശ സുരക്ഷയിലാണ് ടീമുകളുടെ താമസവും പരിശീലനവും. സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന നിര്‍ദ്ദേശമാണ് സുപ്രിം കമ്മിറ്റി എല്ലാവര്‍ക്കും നല്‍കിയിരിക്കുന്നത്. ഇതിനിടെ ഫാന്‍സുകാരുടെ ആഘോഷ പ്രകടനങ്ങള്‍ സംഘാടകര്‍ക്ക് തലവേദനയാവുന്നുണ്ട്. ദോഹ കോര്‍ണിഷിലും ലുസൈലിലും ആരാധകക്കുട്ടം നടത്തിയ ആഘോഷങ്ങള്‍ക്കെതിരെ യൂറോപ്യന്‍ മാധ്യമങ്ങള്‍ രംഗത്ത് വന്നിരുന്നു. സംഘാടകര്‍ തന്നെ ഇന്ത്യന്‍ ഫാന്‍സിനെ രംഗത്തിറക്കുകയാണെന്ന ആരോപണം പക്ഷേ സംഘാടക സമിതി തള്ളി. കാല്‍പന്തിനെ ജീവന് തുല്യം സ്‌നേഹിക്കുന്നവരാണ് ഇന്ത്യക്കാര്‍ എന്ന അംഗീകാരവും സംഘാടകര്‍ നല്‍കി.