കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിദേശത്ത് വന്ന യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്യാന്‍ പദ്ധതിയിട്ട വന്‍ സംഘം പൊലീസ് പിടിയിലായി.ഒരു സ്ത്രീ ഉള്‍പ്പെടെ 14 പേരെയാണ് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഞായറാഴ്ച രാത്രിയാണ് സംഭവം. വിമാനത്താവളത്തിലെ പാര്‍ക്കിങ് ഏരിയയിലും അന്താരാഷ്ട്ര ആഗമന ടെര്‍മിനനിലും വിവിധ സംഘങ്ങളായി നി ലയുറപ്പിച്ച സംഘത്തെ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തതോടെയാണ് ഇവര്‍ പൊലീസ് പിടിയിലാവുന്നത്. കവര്‍ച്ചാ സംഘം ഉപയോഗിച്ച രണ്ട് ഇന്നോവ കാറുകളും ഒരു സ്‌കൂട്ടറും പൊലീസ് പിടിച്ചെടുത്തു.
കര്‍ണാടക വിരാജ്പേട്ട സ്വദേശിയായ എന്‍.എ അഭിഷേക്. (31),കണ്ണൂര്‍ മുഴക്കുന്ന് സ്വദേശി കെ.പി ജുനൈദ് (27), കാക്കയംങ്ങാട്,മുഴക്കുന്ന് സ്വദേശികളായ വി.ശരത്(35),കെ.കെ കനഗരാജ് (28), കെ. കെ അക്ഷയ്(26),കെ.ധനീഷ് (29), തില്ലങ്കേരി സ്വദേശി ടി.രഞ്ജിത്ത് (41),ചക്കരക്കല്ല് സ്വദേശി താജുദ്ധീന്‍(32), വാരം സ്വദേശി ഷാരോണ്‍(23), കുത്തു പറമ്പ് സ്വദേശി കെ.സ്വരലാല്‍ (38) തിരൂര്‍,പുതിയകടപ്പുറം സ്വദേശി റിയാസ് (29), ബേപ്പൂര്‍ സ്വദേശി പി.സുജിത്ത് (26), വളാഞ്ചേരി തിരുവേഗപുര സ്വദേശി എ.കെ ഇര്‍ഫാന്‍ (26) എന്നിവരാണ് പിടിയിലായ പ്രതികള്‍.
നിലവില്‍ സഊദിയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ പടന്നോട്ട് സ്വദേശി കൈപ്പേകണ്ടി അന്‍സാര്‍,പരപ്പനങ്ങാടി പുത്തന്‍കടപ്പുറം സ്വദേശി അലി അക്ബര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് കവര്‍ച്ചാ സംഘം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. കവര്‍ച്ചക്കുള്ള ആസൂത്രണവും തയ്യാറെടുപ്പും നടത്തുന്ന വാട്‌സാപ്പ് ചാറ്റ് ഇവരുടെ ഫോണില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കയ്യില്‍ നിന്നും 14 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.കേസില്‍ വിശദമായ തുടരന്വേഷണം നടന്നുവരുന്നതായി പൊലീസ് പറഞ്ഞു. പിടിയിലായ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവര്‍ സി.പി.എം. അനുഭാവികളാണ്. ശരത് വട്ടപ്പൊയില്‍ ബ്രാഞ്ച് സെക്രട്ടറിയാണ്.