kerala

കരിപ്പൂര്‍ വിമാനാപകടം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

By web desk 1

August 22, 2020

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു യാത്രക്കാരന്‍ മരിച്ചു. വയനാട് തരുവണ കരിങ്ങാരി സ്വദേശി വി പി ഇബ്രാഹിം (58) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇതോടെ, കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 19 ആയി ഉയര്‍ന്നു.

ആഗസ്റ്റ് ഏഴിനാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ് – കോഴിക്കോട് വിമാനം റണ്‍വേയില്‍ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളില്‍ ഇടിച്ച് അപകടമുണ്ടായത്. വിമാനം ലാന്‍ഡിം?ഗ് ചെയ്തതിന് ശേഷമായിരുന്നു അപകടം എന്നതിനാലും ഇന്ധനചോര്‍ച്ച പെട്ടെന്ന് നിയന്ത്രിച്ചതിനാലും വലിയ ദുരന്തമാണ് ഒഴിവായത്. വിമാനത്തിന്റെ രണ്ട് പൈലറ്റുമാരും അപകടത്തില്‍ മരിച്ചിരുന്നു.

വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തകരായ 55 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ നാട്ടുകാര്‍ക്ക് പുറമേ അഗ്‌നിശമന സേന ഉദ്യോഗസ്ഥരും ഉള്‍പെടും. കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ കൊണ്ടോട്ടി, നെടിയിരുപ്പ് പ്രദേശങ്ങളില്‍ നിന്നുള്ള സമീപവാസികളായ 150 ഓളം പേര്‍ അന്ന് മുതല്‍ തന്നെ ക്വാറന്റീനിലേക്ക് മാറിയിരുന്നു.