kerala

കാലിക്കറ്റ് സര്‍വകലാശാല: ബി.എഡ് കൊമേഴ്‌സ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

By webdesk17

August 04, 2025

കാലിക്കറ്റ് സര്‍വകലാശാലയുടെ 2025-26 അധ്യയന വര്‍ഷത്തേക്കുള്ള ബി.എഡ്. കൊമേഴ്‌സ് ഓപ്ഷന്‍ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ ആഗസ്റ്റ് ആറിന് വൈകീട്ട് നാലിനകം മാന്‍ഡേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ലഭിച്ച കോളേജുകളില്‍ സ്ഥിര പ്രവേശനം നേടേണ്ടതാണ്.

സംവരണ വിഭാഗങ്ങള്‍ക്ക് 145 രൂപയും മറ്റുള്ളവര്‍ക്ക് 575 രൂപയുമാണ് ഫീസ്. ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തുന്നവരെ അലോട്ട്മെന്റിന് ശേഷം നല്‍കുന്ന വെയ്റ്റിംഗ് റാങ്ക് ലിസ്റ്റില്‍ അവരുടെ ഹയര്‍ ഓപ്ഷനില്‍ മാത്രം പരിഗണിക്കും. ആഗസ്റ്റ് ആറിന് ക്ലാസ് തുടങ്ങും. കൊമേഴ്‌സ് ഓപ്ഷന്റെ ഒന്നാം അലോട്ട്മെന്റിന് ശേഷം എഡിറ്റ് ആവശ്യമായിട്ടുള്ളവര്‍ക്ക് ആറിന് രാവിലെ 11.30 മുതല്‍ ഏഴിന് രാവിലെ 11.30 വരെ സമയം നല്‍കും.

പുതിയ പ്രിന്റ് ഔട്ട് നിര്‍ബന്ധമായും എടുക്കേണ്ടതാണ്. ബി എഡ് കോമേഴ്‌സ് ഓപ്ഷന്‍ ഉള്‍പ്പെടെ എല്ലാ ഓപ്ഷനിലേക്കും ഉള്ള പ്രവേശനത്തിന്റെ സമയം ആഗസ്റ്റ് 16-ന് അവസാനിക്കും. ഫോണ്‍ : 0494 2407017, 7016, 2660600.