കൊല്‍ക്കത്ത: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കും എതിരെ കടുത്ത പരാമര്‍ശങ്ങളുമായി ബി.ജെ.പി എം.പി നാഗേന്ദ്ര റോയ്. ശനിയാഴ്ച കൂച്ച്ബെഹാര്‍ ജില്ലയിലെ സീതായിയില്‍ നടന്ന സമ്മേളനത്തിലാണ് ദ്രൗപതി മുര്‍മുവും നരേന്ദ്ര മോദിയും പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസും പാകിസ്താനിയും ബംഗ്ലാദേശിയുമാണെന്ന് നാഗേന്ദ്ര റോയ് പറഞ്ഞതായി റിപ്പോര്‍ട്ട്.
എസ്.ഐ.ആറിനെതിരെയും രൂക്ഷവിമര്‍ശനമാണ് നാഗേന്ദ്ര റോയ് പറഞ്ഞത്. വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്താല്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ക്ഷേമ ആനുകൂല്യങ്ങള്‍ നിഷേധിക്കാനും സാധ്യതയുണ്ടെന്ന് റോയ് ആരോപിച്ചു. ‘വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവരുടെ പൗരത്വം പരിശോധിക്കാന്‍ തടങ്കല്‍ ക്യാമ്പുകള്‍ സ്ഥാപിക്കും.
ഇത് നടത്തുന്ന ഉദ്യോഗസ്ഥര്‍ തന്നെ വിദേശികളാണ്. എന്റെ രേഖകള്‍ പരിശോധിക്കാന്‍ ഇവര്‍ ആരാണ്?’ – അദ്ദേഹം ചോദിച്ചു. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നത് ഇത്തരത്തില്‍ പുറത്തുനിന്നുള്ളവരാണെങ്കില്‍, സാധാരണക്കാരുടെ രേഖകള്‍ പരിശോധിക്കാന്‍ ഇവര്‍ക്ക് എന്ത് അവകാശമാണുള്ളതെന്ന് അദ്ദേഹം ചോദിക്കുന്നു.
സ്വന്തം എം.പിയുടെ തുറന്നടിച്ചുള്ള പ്രതികരണം ബി.ജെ.പിയില്‍ വന്‍ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. പ്രസംഗത്തിന്റെ വിഡിയോ വൈറലായതോടെ പ്രതികരിക്കാന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സമീക് ഭട്ടാചാര്യ വിസമ്മതിച്ചു. നാഗേന്ദ്ര റോയിയുടെ പരാമര്‍ശങ്ങളെക്കുറിച്ച് അറിയില്ലെന്നും എസ്.ഐ.ആറും തടങ്കല്‍ കാമ്പുകളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ആറിലൂടെ വന്‍തോതില്‍ വോട്ടര്‍മാരുടെ പേരുകള്‍ ഇല്ലാതാക്കാനുള്ള വലിയ ഗൂഢാലോചനയാണ് നാഗേന്ദ്ര റോയിയുടെ പരാമര്‍ശങ്ങളിലൂടെ വെളിപ്പെട്ടതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് ആരോപിച്ചു.