kerala

വന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു

By webdesk18

November 24, 2025

എറണാകുളത്ത് നിന്ന് കസ്റ്റഡിയിലായ കുപ്രസിദ്ധ മോഷ്ടാവായ ബണ്ടി ചോറിനെ വിട്ടയച്ചു. നിലവില്‍ പ്രതിചേര്‍ക്കപ്പെട്ട കേസുകള്‍ ഇല്ലാത്തതിനാലാണ് വിട്ടയച്ചത്. അഡ്വക്കറ്റ് ബി.എ ആളൂരിനെ കാണാനാണ് വന്നതെന്നും ആളൂര്‍ മരിച്ചത് അറിഞ്ഞില്ലെന്നും ബണ്ടി ചോര്‍ റെയില്‍വേ പൊലീസിന് മൊഴി നല്‍കി.

ബണ്ടി ചോര്‍ ഇന്ന് രാവിലെ മുതല്‍ എറണാകുളം സൗത്ത് റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു. വെരിഫിക്കേഷന്റെ ഭാഗമായാണ് ഇയാളെ ഇന്നലെ രാത്രി തടഞ്ഞുവെച്ചിരുന്നത്. മറ്റൊരു കേസില്‍ ഹാജരാകാന്‍ എത്തിയതെന്നായിരുന്നു വാദം. എന്നാല്‍, പൊലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ ആളൂര്‍ വക്കീലിനെ കാണാനാണ് എത്തിയതെന്നും ഇവിടെയെത്തിയപ്പോഴാണ് മരിച്ച വിവരമറിയുന്നതെന്നും ഇയാള്‍ വ്യക്തമാക്കി.

എഴുന്നൂറിലധികം കവര്‍ച്ച കേസുകളില്‍ പ്രതിയാണ് ബണ്ടി ചോര്‍. നിലവില്‍ കേരളത്തില്‍ കേസുകളൊന്നും ഇല്ല. തൃശൂരിലെ കവര്‍ച്ച കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാനാണ് എറണാകുളത്ത് എത്തിയത്. തൃശൂരിലെ കവര്‍ച്ച കേസില്‍ ബണ്ടി ചോറിനെ കോടതി വെറുതെ വിട്ടിരുന്നു.