ന്യൂഡല്‍ഹി: കാനഡയുടെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മാര്‍ച്ച് ആദ്യവാരത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യയും കാനഡയും തമ്മില്‍ നിലനിന്നിരുന്ന നയതന്ത്ര തര്‍ക്കങ്ങള്‍ പരിഹരിക്കാനും സാമ്പത്തിക സഹകരണം പുനഃസ്ഥാപിക്കാനുമുള്ള നീക്കമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.
കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെയായിരിക്കും മാര്‍ക്ക് കാര്‍ണിയുടെ വരവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ താഴെ പറയുന്ന മേഖലകളില്‍ നിര്‍ണ്ണായക കരാറുകള്‍ ഒപ്പിടുമെന്ന് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ദിനേഷ് പട്നായിക് സൂചന നല്‍കി:
ഊര്‍ജ്ജം: യുറേനിയം വിതരണം, എണ്ണ, പ്രകൃതിവാതകം. സാങ്കേതികവിദ്യ: നിര്‍മിതബുദ്ധി (AI), ക്വാണ്ടം കമ്പ്യൂട്ടിംഗ്. സാമ്പത്തികം: സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (CEPA) സംബന്ധിച്ച ചര്‍ച്ചകള്‍.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചേക്കാവുന്ന അമിതമായ വ്യാപാര തീരുവ (Tariff) ഭീഷണികള്‍ നേരിടാന്‍ പുതിയ സഖ്യങ്ങള്‍ രൂപീകരിക്കേണ്ടത് ഇന്ത്യയ്ക്കും കാനഡയ്ക്കും അനിവാര്യമായിരിക്കുകയാണ്.
പഴയ നിയമങ്ങള്‍ അപ്രസക്തമായെന്നും ഇടത്തരം രാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്നും കാര്‍ണി അടുത്തിടെ ദാവോസില്‍ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2023-ല്‍ സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായിരുന്നു. മാര്‍ക്ക് കാര്‍ണിയുടെ സന്ദര്‍ശനത്തോടെ ഈ ബന്ധം വീണ്ടും ഊഷ്മളമാകുമെന്നാണ് പ്രതീക്ഷ.