തിരുവനന്തപുരം: വനിതകള്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപകരമായി ചിത്രീകരിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവികള്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കി.

സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ചിത്രങ്ങളും സ്വകാര്യ ചിത്രങ്ങളും എഡിറ്റ് ചെയ്തും അശ്ലീല പദങ്ങള്‍ ഉപയോഗിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് നിര്‍ദ്ദേശം. ഇത്തരം സംഭവങ്ങളില്‍ സ്വീകരിക്കുന്ന നടപടികള്‍ ഉടന്‍ തന്നെ പോലീസ് ആസ്ഥാനത്തെ ഇലക്ഷന്‍ സെല്ലില്‍ അറിയിക്കണമെന്നും ജില്ലാ പൊലീസ് മേധാവികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐടി ആക്റ്റിലെയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും വകുപ്പുകള്‍ പ്രകാരമായിരിക്കും നടപടി.