നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടി സംഗീത . ശ്രീനി സര്‍ ഇനിയില്ല എന്നത് വിശ്വസിക്കാനാവുന്നില്ല. ബാക്ക് ടു ബാക്ക് ഷൂട്ട് ഉള്ളതുകൊണ്ടും അത് കോമ്പിനേഷന്‍ സീനുകള്‍ ആയതിനാലും അദ്ദേഹത്തെ അവസാനമായി കാണാന്‍ പോകാനും സാധിക്കില്ലെന്ന വിഷമവും ബാക്കിയാണെന്ന് സംഗീത പറഞ്ഞു. ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് ലഭിച്ച അംഗീകാരങ്ങള്‍ക്കും ശ്യാമളയെ ഇന്നും ജനങ്ങള്‍ ഓര്‍ക്കുന്നുന്നതിനും കാരണക്കാരന്‍ ശ്രീനി സര്‍ ആണ്. മുഴുവന്‍ ക്രെഡിറ്റും അദ്ദേഹത്തിനാണെന്ന് സംഗീത പറഞ്ഞു.
‘ചിന്താവിഷ്ടയായ ശ്യാമളയുടെ സമയത്ത് സാറുമായി അങ്ങനെ സംസാരമൊന്നും അധികം ഉണ്ടായിരുന്നില്ല. സിനിമ ഇറങ്ങിക്കഴിഞ്ഞ ശേഷമാണ് ആ സിനിമയുടെയും കഥാപാത്രത്തിന്റെയും വില ഞാന്‍ തിരിച്ചറിയുന്നത്. വലിയ ഭാഗ്യമാണ് ആ സിനിമ. ഒരുപാട് ഇതിഹാസങ്ങള്‍ക്കൊപ്പമുള്ള സിനിമ. ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് ശേഷം കുറേക്കാലം സാറിനെ കാണാന്‍ എനിക്ക് സാധിച്ചിരുന്നില്ല. പിന്നീടാണ് നഗരവാരിധി നടുവില്‍ ഞാന്‍ എന്ന സിനിമയ്ക്കായി സാറെന്നെ വിളിക്കുന്നത്. അതുകഴിഞ്ഞ് 2023-ലാണ് സാറിന് സുഖമില്ലാതിരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കാണുന്നത്. അതിനുശേഷം ഹൃദയപൂര്‍വത്തിന്റെ സെറ്റിലും സാര്‍ വന്നിരുന്നു. അന്നും കണ്ട് സംസാരിക്കാന്‍ സാധിച്ചു’- നടി ഓര്‍ത്തു.
‘അസുഖം ബാധിച്ച ശേഷം ഞാന്‍ വീട്ടില്‍ പോയി കണ്ട ശ്രീനി സാര്‍ ഞാന്‍ മുമ്പ് കണ്ട ശ്രീനി സാര്‍ ആയിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ നര്‍മം കലര്‍ത്തിയുള്ള സംസാരരീതി അതിന് അന്നും മാറ്റമില്ലായിരുന്നു. വയ്യെങ്കിലും സര്‍ അത്രയും സന്തോഷത്തോടെയാണ് എന്നെ സ്വീകരിച്ചത്. എനിക്ക് സാറിനെ അങ്ങനെ കാണുന്നത് ഇഷ്ടമല്ല, അത്രയും സജീവമായി നടന്ന വ്യക്തി, സര്‍ സാധാരണ സംസാരിക്കുന്നതും ചിരിക്കുന്നതും പോലെയേ അല്ല. അതെനിക്ക് വിഷമമുണ്ടാക്കിയ കാര്യമാണ്. നമ്മളത്രയും ഇഷ്ടപ്പെടുന്ന ആള്‍ക്കാര്‍ക്ക് അസുഖമോ മറ്റോ വന്നാല്‍ മാനസികമായി ഞാന്‍ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. ശ്രീനി സാറിന്റെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു. ശ്രീനി സര്‍ ഇനിയില്ലെന്ന സത്യം ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാണ്. എങ്കിലും അദ്ദേഹം സൃഷ്ടിച്ച ജീവിതഗന്ധിയായ സിനിമകളും കഥാപാത്രങ്ങളും എന്നെന്നും ഓര്‍ത്തിരിക്കുക തന്നെ ചെയ്യും’- അവര്‍ കൂട്ടിച്ചേര്‍ത്തു.