india

ഭക്ഷണം പോലും ലഭിക്കുന്നില്ല: ഗുജറാത്തിലെ വെള്ളപ്പൊക്ക ദുരിതബാധിതര്‍

By webdesk13

August 28, 2024

കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം രണ്ടാം ദിവസവും ഗുജറാത്തിലെ വഡോദരയില്‍ നാശം വിതക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ സഹായം തേടിയെങ്കിലും ഇപ്പോഴും പ്രദേശത്ത് കാര്യക്ഷമായി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പല സ്ഥലങ്ങളിലും പത്ത് മുതല്‍ 12 അടി വരെ വെള്ളം പൊങ്ങിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രിയും സര്‍ക്കാറിന്റെ വക്താവുമായ റുഷികേശ് പട്ടേല്‍ പറഞ്ഞു.

മൂന്ന് ദിവസത്തിനിടെ 15 പേരാണ് വെള്ളപ്പൊക്കം മൂലം മരിച്ചത്. 6,440 പേരെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചു. എന്നാല്‍, ഒരു സഹായവും ലഭിക്കാതെ നിരവധി പേര്‍ ഇപ്പോഴും വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുകയാണെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

വെള്ളപ്പൊക്കം മൂലം വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഇതുമൂലം ഭക്ഷണവും, വെള്ളവും പോലും വാങ്ങാന്‍ സാധിക്കുന്നില്ലെന്നും വഡോദരയിലെ ദുരിതബാധിതരില്‍ ഒരാളായ സ്ത്രീ പറഞ്ഞു. ആരും സഹായവുമായി എത്തിയിട്ടില്ല. തന്റെ പിതാവിന് നടക്കാന്‍ സാധിക്കില്ല. ദിവസങ്ങളായി എന്തെങ്കിലും കഴിച്ചിട്ട്. രാത്രിയും പകലും ഉറങ്ങാതെ കഴിയുകയാണെന്നും അവര്‍ എന്‍.ഡി.ടി.വിയോട് പ്രതികരിച്ചു.

ഇതേ അനുഭവം തന്നെയാണ് പ്രദേശത്തെ പലര്‍ക്കും പറയാനുള്ളത്. രക്ഷാപ്രവര്‍ത്തകര്‍ എത്താത്തത് മൂലം പലരേയും ഇവിടെ നിന്ന് മാറ്റാന്‍ സാധിച്ചിട്ടില്ല. എന്നാല്‍, ദുരിതബാധിതര്‍ക്ക് ഭക്ഷണം അടക്കമുള്ളവ അധികൃതര്‍ എത്തിച്ച് കൊടുക്കുന്നുമില്ല. ഇത് പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.