gulf

സഊദി വനിതകള്‍ മരിക്കാനിടയായ വാഹനാപകടത്തില്‍ ഇന്ത്യ, ബംഗ്ലാദേശ് സ്വദേശികള്‍ക്ക് 90 ലക്ഷം പിഴ

By webdesk11

December 25, 2022

ദുബായ്: രണ്ടു സഊദി വനിതകള്‍ മരിക്കാനിടയായ വാഹനാപകടത്തില്‍ ഇന്ത്യ, ബംഗ്ലാദേശ് സ്വദേശികള്‍ക്ക് 90 ലക്ഷം പിഴ വിധിച്ച് ദുബായ് കോടതി. അപകടത്തിന് കാരണക്കാരായ രണ്ടു ഡ്രൈവര്‍മാര്‍ മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം ദിര്‍ഹം ദിയാധനം നല്‍കണമെന്നാണ് വിധി. അപകടത്തിന് കാരണക്കാരനായ ബംഗ്ലാദേശുകാരന്റെ ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്‌പെന്റ് ചെയ്യാനും കോടതി ഉത്തരവിട്ടു. ബംഗ്ലാദേശുകാരന് 10,000 ദിര്‍ഹം പിഴ ചുമത്തി. ഇയാള്‍ സൗദി കുടുംബത്തിന് 3,20,000 ദിര്‍ഹം ദിയാധനം നല്‍കണമെന്നും വിധിയുണ്ട്. അപകടത്തിന് കാരണക്കാരനായ ഇന്ത്യക്കാരനായ ഡ്രൈവര്‍ക്ക് 2,000 ദിര്‍ഹം പിഴ ചുമത്തി. ഇയാള്‍ 80,000 ദിര്‍ഹം ദിയാധനം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

റോഡിന്റെ മധ്യത്തില്‍ തന്റെ കാര്‍ നിര്‍ത്തി ബംഗ്ലാദേശുകാരന്‍ കാര്‍ പിന്നോട്ടെടുക്കുകയും ഇതു ശ്രദ്ധയില്‍ പെടാതെ ഇന്ത്യക്കാരന്റെ കാര്‍ ഇതില്‍ കൂട്ടിയിടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട രണ്ടു കാറുകളും സഊദി കുടുംബം സഞ്ചരിച്ച മറ്റൊരു കാറില്‍ കൂട്ടിയിടിച്ചു. രണ്ടു വനിതകള്‍ മരണപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.