kerala

യുവതിയുടെ കുടുംബത്തിന്റെ മതിപ്പു നേടാന്‍ വാഹനാപകട നാടകം; രണ്ട് പേര്‍ അറസ്റ്റില്‍

By sreenitha

January 07, 2026

പത്തനംതിട്ട: ഇഷ്ടപ്പെട്ട യുവതിയുടെ കുടുംബത്തിന്റെ മതിപ്പു നേടാന്‍ വാഹനാപകടം നാടകീയമായി സൃഷ്ടിച്ച യുവാവിനെയും അപകടമുണ്ടാക്കിയ സുഹൃത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാറിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് സംഭവം ആസൂത്രിതമാണെന്ന് വ്യക്തമായത്.

കോന്നി മാമ്മൂട് സ്വദേശി രഞ്ജിത് രാജന്‍ (24) ആണ് ഒന്നാം പ്രതി. അപകടം സൃഷ്ടിച്ച കാറോടിച്ച കോന്നി പയ്യനാമണ്‍ സ്വദേശി അജാസ് (19) രണ്ടാം പ്രതിയാണ്. സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത വാഹനാപകടക്കേസ് നരഹത്യാശ്രമത്തിനുള്ള കേസായി മാറ്റി.

ഡിസംബര്‍ 23ന് വൈകീട്ട് പത്തനംതിട്ടയ്ക്കടുത്ത് വാഴമുട്ടം ഈസ്റ്റില്‍ സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ അജാസ് കാറില്‍ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. അപകടം നടന്ന ഉടന്‍ മറ്റൊരു കാറില്‍ സ്ഥലത്തെത്തിയ രഞ്ജിത് രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത് യുവതിയെ ആശുപത്രിയിലെത്തിച്ചു. ഈ സമയത്ത് താന്‍ യുവതിയുടെ ഭര്‍ത്താവാണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.

കൃത്യസമയത്ത് രഞ്ജിത് സ്ഥലത്തെത്തിയതില്‍ പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് കാര്‍ ഓടിച്ചയാളുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചതോടെയാണ് നാടകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. അപകടത്തില്‍ യുവതിയുടെ വലതുകൈക്കുഴ തെറ്റുകയും ചെറുവിരലിന് പൊട്ടലുണ്ടാകുകയും ചെയ്തു.