ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് കപ്പിൽ (കാരബാവോ കപ്പ്) ബെന്റ്‌ഫോർഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി സെമിഫൈനൽ ബർത്ത് ഉറപ്പിച്ചു. 52-ാം മിനിറ്റിൽ ഫ്രഞ്ച് താരം മാത്തിസ് റയാൻ ചെർക്കിയും 67-ാം മിനിറ്റിൽ സാവിഞ്ഞോയുമാണ് സിറ്റിക്കായി ലക്ഷ്യം കണ്ടത്.
ആദ്യ പകുതിയിൽ ബെന്റ്‌ഫോർഡ് സിറ്റിക്കെതിരെ മേൽക്കൈ നേടാൻ ശ്രമിച്ചെങ്കിലും ശക്തമായ സിറ്റി പ്രതിരോധം അവരുടെ നീക്കങ്ങൾ തടഞ്ഞു. രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കിയ സിറ്റി രണ്ട് ഗോളുകളിലൂടെ ജയം ഉറപ്പിക്കുകയായിരുന്നു.
അതേസമയം കാരബാവോ കപ്പിന്റെ സെമിഫൈനൽ ചിത്രം ഏതാണ്ട് വ്യക്തമായി. മാഞ്ചസ്റ്റർ സിറ്റി സെമിഫൈനലിൽ ന്യൂകാസിൽ യുണൈറ്റഡിനെ നേരിടും. മറ്റൊരു സെമിഫൈനലിൽ ചെൽസി, 23ന് നടക്കുന്ന ആഴ്‌സനൽ–ക്രിസ്റ്റൽ പാലസ് മത്സരത്തിലെ വിജയികളെയാണ് നേരിടുക. എമിറേറ്റ്‌സ് സ്റ്റേഡിയത്തിലാണ് ആഴ്‌സനലും പാലസും തമ്മിലുള്ള പോരാട്ടം.
രണ്ട് പാദങ്ങളിലായി നടക്കുന്ന സെമിഫൈനലുകളുടെ ആദ്യ പാദം 2026 ജനുവരി 12 മുതൽ ആരംഭിക്കും. രണ്ടാം പാദ മത്സരങ്ങൾ 2026 ഫെബ്രുവരി 2 മുതലായിരിക്കും നടക്കുക.