ന്യൂഡല്‍ഹി: വിവാഹത്തിന് മുമ്പുള്ള വാഗ്ദാനങ്ങളില്‍ അന്ധവിശ്വാസം കാണിക്കരുതെന്നും ശാരീരികബന്ധങ്ങളിലെത്തുമ്പോള്‍ പരമാവധി ജാഗ്രത പാലിക്കണമെന്നും സുപ്രീംകോടതി. വ്യാജ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന കേസില്‍ വാദം കേള്‍ക്കവേയാണ് ബെഞ്ചിന്റെ പരാമര്‍ശം. ”ഞങ്ങള്‍ പഴയ ചിന്താഗതിക്കാരായിരിക്കാം.
എന്നാല്‍ വിവാഹത്തിന് മുമ്പ് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും അപരിചിതരായിരിക്കുമ്പോള്‍, വിവാഹം കഴിക്കാതെ ശാരീരികബന്ധത്തിലേര്‍പ്പെടുന്നത് എങ്ങനെ സാധ്യമാണ് എന്ന് മനസ്സിലാകുന്നില്ല. ഇത്തരത്തിലുള്ള കാര്യങ്ങളില്‍ ആരെയും അന്ധമായി വിശ്വസിക്കരുത്,” എന്ന് ജസ്റ്റിസ് ബി.വി നാഗരത്നയും ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാനും അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
2022-ല്‍ മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവാവിനെതിരെ 30കാരി നല്‍കിയ പരാതിയിലാണ് കോടതി വാദം കേട്ടത്. വിവാഹ വാഗ്ദാനം നല്‍കി ഡല്‍ഹിയിലും ദുബൈയിലും ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതായും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. 2024-ല്‍ യുവാവ് മറ്റൊരാളെ വിവാഹം ചെയ്തതിനെത്തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്.
പരസ്പര സമ്മതത്തോടെയായിരുന്നു ബന്ധമെങ്കില്‍ ഇത് ശിക്ഷ വിധിക്കേണ്ട ക്രിമിനല്‍ കേസായി കാണാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ കേസ് മധ്യസ്ഥതയിലൂടെ തീര്‍പ്പാക്കാന്‍ ശ്രമിക്കണമെന്ന് ഇരുകക്ഷികളോടും നിര്‍ദേശിച്ചു.